ന്യൂഡൽഹി: പുതിയ നികുതി സംവിധാനത്തില്‍ ഏഴു ലക്ഷം രൂപവരെ ആദായ നികുതിയില്ല.3- 6 ലക്ഷം വരെ വരുമാനത്തിന് 5 % നികുതി. 6 ലക്ഷം മുതൽ 9 വരെ 10 % നികുതി. 9 ലക്ഷം മുതൽ 12 ലക്ഷം വരെ 15 %. 12-15 ലക്ഷം വരെ 20 % നികുതി. 15 ലക്ഷത്തിൽ കൂടുതൽ 30 % നികുതി. 9 ലക്ഷം വരെയുള്ളവർ 45,000 രൂപ വരെ നികുതി നൽകിയാൽ മതിയാവും.
മാസവരുമാനക്കാരുടെ നിക്ഷേപ പരിധി ഒന്‍പത് ലക്ഷമാക്കി ഉയര്‍ത്തി.ജോയിന്റ് അക്കൗണ്ടുള്ളവരുടെ നിക്ഷേപപരിധി 15 ലക്ഷമാക്കിയും ഉയര്‍ത്തി.വനിതകള്‍ക്കായി ഒറ്റത്തവണ ചെറുനിക്ഷേപ പദ്ധതി പ്രഖ്യാപിച്ചു. മഹിളാ സമ്മാന്‍ സേവിങ്സ് പദ്ധതിക്ക് 7.5 ശതമാനം പലിശ ലഭിക്കുമെന്ന് ലോക് സഭയിൽ ധനമന്ത്രി നിർമല സീതാരാമൻ കേന്ദ്ര ബജറ്റ് അവതരിപ്പിച്ച കൊണ്ട് പറഞ്ഞു.
സ്വര്‍ണം, വെള്ളി, ഡയമണ്ട്, വസ്ത്രം, സിഗരറ്റ് എന്നിവയുടെ വില കൂടും. കംപ്രസ്ഡ് ബയോഗ്യാസ്, ലിഥിയം അയൺ ബാറ്ററി, മൊബൈൽ ഫോൺ ഘടകങ്ങൾ, ടിവി പാനലുകള്‍, ക്യാമറ, ഇലക്ട്രിക് ചിമ്മിനി, ഹീറ്റ് കോയില്‍ എന്നിവയുടെ വില കുറയും. മൊബൈല്‍ ഫോണ്‍ ഘടകങ്ങളുടെ ഇറക്കുമതി തീരുവ കുറച്ചു. വൈദ്യുതി വാഹനങ്ങളില്‍ ഉപയോഗിക്കുന്ന ബാറ്ററികള്‍ക്ക് നികുതി ഇളവ് പ്രഖ്യാപിച്ചു.
മുതിര്‍ന്നവരുടെ നിക്ഷേപ പരിധി 30 ലക്ഷമാക്കി ഉയര്‍ത്തുമെന്നും മാസവരുമാനക്കാരുടെ നിക്ഷേപ പരിധിയിലും മാറ്റം വരുത്തുമെന്നും പഴയ നികുതി നിർണയരീതിയും തുടരുമെന്നും ധനമന്ത്രി നിര്‍മല സീതാരാമന് ബജറ്റ് അവതരണ വേളയില്‍ പറഞ്ഞു.