ന്യൂഡൽഹി: മാധ്യമപ്രവർത്തകൻ സിദ്ദിഖ് കാപ്പൻ 27 മാസത്തെ ജയിൽവാസത്തിന് ശേഷം ജയിൽ മോചിതനായി. റിലീസിങ് ഓർഡർ ലഖ്നൗ ജില്ലാ കോടതി ജയിൽ അധികൃതർക്ക് അയച്ചതിന് പിന്നാലെ മോചനത്തിനുള്ള മറ്റുനടപടികളും പൂർത്തിയാക്കിയതോടെ സിദ്ദിഖ് കാപ്പൻ രാവിലെ പുറത്തിറങ്ങി.സുപ്രീം കോടതിയും അലഹബാദ് ഹൈക്കോടതിയും ജാമ്യം നൽകിയതോടെയാണ് കാപ്പന്റെ മോചനത്തിനു വഴി തുറന്നത്.
മാധ്യമപ്രവർത്തകരോടും പൊതുസമൂഹത്തോടുമാണ് തനിക്ക് നന്ദിയറിയിക്കാനുള്ളതെന്ന് ജയിൽ മോചിതനായ സിദ്ദീഖ് കാപ്പൻ പറഞ്ഞു.ലക്നൗ ജയിലിൽ നിന്നും പുറത്തിറങ്ങിയ കാപ്പൻ ദില്ലിയിലേക്കാണ് നേരെ പോവുക. ആറാഴ്ച ഡൽഹിയിലുണ്ടാവും.അതിനു ശേഷമാകും കേരളത്തിലേക്ക് മടങ്ങും.
“നീതി പൂർണ്ണമായും ലഭിച്ചിട്ടില്ല. കൂടെയുള്ള പലരും കള്ളക്കേസിൽ ജയിലിലാണല്ലോ. ഞാൻ മാത്രം ഇറങ്ങിയതുകൊണ്ട് എന്ത് നീതിയാണ് ലഭിക്കുന്നത്. ഞാൻ ജയിലിലായിരുന്നപ്പോൾ എനിക്ക് കാണാനോ എന്നെ കാണാനോ ആകാതെ എനെറെ പ്രിയപ്പെട്ട ഉമ്മ പോയി ഒരു മാധ്യമപ്രവർത്തകനെന്ന നിലയിൽ ആരോപണങ്ങളോട് എന്ത് മറുപടി പറയാനാണ്, ഒന്നുമില്ല. പത്രപ്രവർത്തക യൂണിയനും മാധ്യമപ്രവർത്തകരും ഉൾപ്പെടെ അന്താരാഷ്ട്ര തലത്തിൽ മാധ്യമങ്ങളുടെ പിന്തുണ ലഭിച്ചിരുന്നു. മാധ്യമപ്രവർത്തകരോടും പൊതുസമൂഹത്തോടുമാണ് നന്ദി പറയാനുള്ളത്.റിപ്പോർട്ടിങ്ങിന് വേണ്ടി പോയ സമയത്താണ് പോലീസ് അറസ്റ്റ് ചെയ്തത്. മറ്റൊന്നും ചെയ്തിട്ടില്ല. ബാഗിൽ നോട്ട് പാഡും രണ്ട് പേനയുമായിരുന്നു ഉണ്ടായിരുന്നത്. മറ്റൊന്നും ബാഗിൽ നിന്നും പോലീസിന് ലഭിച്ചിട്ടില്ല” ജയിൽ മോചിതനായ സിദ്ദീഖ് കാപ്പൻ പ്രതികരിച്ചു.
ഹാഥറസ് ബലാത്സംഗക്കൊല റിപ്പോർട്ട് ചെയ്യാൻ പോകുന്നതിനിടെ പോപ്പുലർ ഫ്രണ്ട് പ്രവർത്തകർക്കൊപ്പം യാത്ര ചെയ്ത സിദ്ദിഖ് കാപ്പന് കലാപത്തിന് ശ്രമിച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് യുപി പോലീസ് യുഎപിഎ ചുമത്തി അറസ്റ്റ് ചെയ്തത്.യുപി പോലീസ് രജിസ്റ്റർ ചെയ്ത യുഎപിഎ കേസിൽ സുപ്രീം കോടതിയും ഇഡി രജിസ്റ്റർ ചെയ്ത കേസിൽ അലഹബാദ് ഹൈക്കോടതിയും ജാമ്യം നൽകിയതോടെയാണ് കാപ്പൻ ജയിൽ മോചിതനായത്.