അന്തര്‍ദേശീയ നാടകോത്സവത്തിന് തൃശൂരില്‍ ഞായറാഴ്ച അരങ്ങുണരും. ‘ഒന്നിക്കണം മാനവികത’ എന്നാണ് ഇറ്റ്ഫോക്ക് പതിമൂന്നാം പതിപ്പിന്റെ ആശയം. ഈ മാസം പതിനാല് വരെ നടക്കുന്ന നാടകോത്സവത്തില്‍ 38 നാടകങ്ങളാണ് ആസ്വാദകര്‍ക്ക് മുന്നിലെത്തുക.പതിനാല് വിദേശനാടകങ്ങളും പതിനെട്ട് ഇന്ത്യന്‍ നാടകങ്ങളുമാണ് ഇറ്റ്ഫോക്കില്‍ അരങ്ങിലെത്തുന്നത്. ഇതില്‍ നാല് മലയാള നാടകങ്ങളുമുള്‍പ്പെടും. ഞായറാഴ്ച വൈകീട്ട് അഞ്ചരയ്ക്ക് മുഖ്യമന്ത്രി പിണറായി വിജയന് അന്തര്‍ദേശീയ നാടകോത്സവം ഉദ്ഘാടനം ചെയ്യും. നടന് പ്രകാശ് രാജ് മുഖ്യാതിഥിയായി പങ്കെടുക്കും.
അക്കാദമി ചെയര്മാന് കൂടിയായ മട്ടന്നൂര്‍ ശങ്കരന്‍കുട്ടിയുടെ നേതൃത്വത്തില്‍ 101 വാദ്യ കലാകാരന്മാര് അണിനിരക്കുന്ന മേളമാണ് നാടകോത്സവത്തിന്റെ വിളംബരം. നവീകരിച്ച ആക്ടര്‍ മുരളി തിയേറ്ററിന്റെ ഉദ്ഘാടനവും മുഖ്യമന്ത്രി നിര്‍വഹിക്കും. ഒന്നിക്കണം മാനവികത എന്ന ആശയത്തിലൂന്നിയാണ് ഇത്തവണത്തെ ഇറ്റ്ഫോക്ക്.