ബലൂണിന് ശേഷം വീണ്ടും അമേരിക്കൻ ആകാശത്ത് കണ്ട പറക്കുന്ന അജ്ഞാത വസ്തുവിനെ വെടിവെച്ചിട്ടു,

വാഷിംഗ്‌ടൺ : യുഎസ്-കാനഡ അതിർത്തിയിലെ ഹുറോൺ തടാകത്തിന് മുകളിൽ പ്രാദേശിക സമയം ഉച്ചയ്ക്ക് 2:42 ന് കണ്ട അജ്ഞാത വസ്തുവിനെ യുഎസ് എഫ്-16 യുദ്ധവിമാനം പ്രസിഡന്റ് ജോ ബൈഡന്റെ ഉത്തരവനുസരിച്ച് വെടിവച്ചിട്ടതായി പെന്റഗൺ വക്താവ് പാട്രിക് റൈഡർ പറഞ്ഞു.ഒരാഴ്‌ചയ്‌ക്കുള്ളിൽ വടക്കേ അമേരിക്കയ്‌ക്ക് മുകളിൽ വച്ച് യുഎസ് മിസൈൽ വെടിവെച്ച് വീഴ്ത്തുന്ന നാലാമത്തെ അജ്ഞാത പറക്കുന്ന വസ്തുവായിരുന്നു ഇത്.

ആദ്യ വസ്തു ചൈനീസ് നിരീക്ഷണ ബലൂൺ ഫെബ്രുവരി നാലിന് സൗത്ത് കരോലിന തീരത്ത് വച്ച് വെടിവെച്ച് വീഴ്ത്തി.വെള്ളിയാഴ്ച, രണ്ടാമത്തെ വസ്തു അലാസ്കയിലെ ഡെഡോർസിന് സമീപത്ത് നിന്ന് വെടിവച്ചിട്ടു. ശനിയാഴ്ച കാനഡയിലെ യുകോണിന് മുകളിൽ വച്ച് മൂന്നാമത്തെ വസ്തു വെടിവെച്ചിട്ടു. ഇതിന്റെ അവശിഷ്ടങ്ങൾക്കായി തിരച്ചിൽ തുടരുന്നതിനിടെയാണ് നാലാമത് വീണ്ടും അജ്ഞാത വസ്തു ആകാശത്തു കാണുന്നത്.

മൊണ്ടാനയിൽ സെൻസിറ്റീവ് സൈനിക സൈറ്റുകൾക്ക് സമീപം അജ്ഞാതവസ്തു കണ്ടെത്തിയതിനെത്തുടർന്ന് യുഎസ് വ്യോമാതിർത്തി അടച്ചതായി പെന്റഗൺ അറിയിച്ചു.ഈ അജ്ഞാത വസ്തുക്കൾക്ക് നിരീക്ഷണ ശേഷിഉണ്ടായിരുന്നാൽ സൈനിക ഭീഷണി ഉണ്ടാക്കുകയില്ലെങ്കിലും 20,000 അടി (6,100 മീറ്റർ) ഉയരത്തിൽ സഞ്ചരിക്കുന്നതിനാൽ ആഭ്യന്തര വ്യോമഗതാഗതത്തിൽ ഇടപെടാൻ സാധിക്കും.അമേരിക്കൻ യുദ്ധവിമാനങ്ങൾ ഞായറാഴ്ച ഹുറോൺ തടാകത്തിന് മുകളിലൂടെ പറന്ന അഷ്ടഭുജാകൃതിയിലുള്ള ഒരു ‘അജ്ഞാത വസ്തു’വിനെയാണ് വെടിവെച്ചിട്ടത്.