നമ്മുടെ സൗരയൂഥത്തിന്റെ അതിരിലുള്ള ഒരു കുള്ളന്‍ ഗ്രഹം ജ്യോതി ശാസ്ത്രജ്ഞരെ അമ്പരപ്പിക്കുകയാണ്. ഇതുവരെ ഗ്രഹങ്ങളെക്കുറിച്ച് ശാസ്ത്രലോകം കരുതിവെച്ചിരുന്ന പല ധാരണകളേയും തിരുത്തുന്ന സവിശേഷതകളാണ് ക്വാവാ എന്ന ഈ കുഞ്ഞുഗ്രഹത്തിനുള്ളത്. ക്വാവയുടെ ചുറ്റുമുള്ള വലയമാണ് ശാസ്ത്രജ്ഞരെ അമ്പരപ്പിക്കുന്നത്. ഈ വലയം എങ്ങനെ നിലനില്ക്കുന്നുവെന്ന കാര്യത്തില്‍ ഇപ്പോഴും വ്യക്തമായ ഉത്തരം നല്കാന് സാധിച്ചിട്ടില്ല.
നെപ്റ്റിയൂണിനും പിന്നിലായി സൂര്യനെ വലംവെക്കുന്ന ആയിരക്കണക്കിന് ചെറു ഗ്രഹങ്ങളുടെ കൂട്ടത്തിലാണ് ക്വാവായുമുള്ളത്. വലുപ്പത്തിന്റെ കാര്യത്തില്‍ 1,110 കിലോമീറ്റര്‍ വിസ്തൃതിയുള്ള ക്വാവാക്ക് കണ്ടെത്തിയ ഈ ചെറുഗ്രഹങ്ങളില്‍ ഏഴാം സ്ഥാനമാണുള്ളത്. പ്ലൂട്ടോയും ഇറിസുമൊക്കെയാണ് ഈ കുള്ളന്‍ ഗ്രഹങ്ങളില്‍ വലുപ്പം കൊണ്ട് മുന്നിലുള്ളത്.2018-2021 കാലയളവില്‍ നടത്തിയ പഠനങ്ങളിലാണ് ക്വാവായെന്ന കുള്ളന്‍ ഗ്രഹത്തിന് ചുറ്റും വലയമുണ്ടെന്ന് കണ്ടെത്തിയത്. ഭൂമിയിലെ ദൂരദര്‍ശിനികളും ബഹിരാകാശ ടെലസ്കോപായ ചിയോപ്സുമാണ് ക്വാവായുടെ വിവരങ്ങള്‍ ശേഖരിച്ചതെന്ന് യൂറോപ്യന്‍ ബഹിരാകാശ ഏജന്‍സി പുറത്തുവിട്ട വാര്‍ത്താക്കുറിപ്പില്‍ പറയുന്നു. നിലവിലെ ശാസ്ത്ര ധാരണകള്‍ പ്രകാരം ക്വാവായോട് ചേര്‍ന്നു നില്ക്കുന്ന വളയത്തിന് നിലനില്‍പ്പില്ല. ഈ വളയത്തിലെ വസ്തുക്കളെല്ലാം ചേര്‍ന്ന് ഒരു ചെറു ഉപഗ്രഹമായി മാറേണ്ടതാണ്. എന്നാല്‍ കാവായുടെ കാര്യത്തില്‍ അത് സംഭവിക്കുന്നില്ലെന്നതാണ് അമ്പരപ്പിക്കുന്നത്.
സൂര്യനില്‍ നിന്നും ഒരുപാട് അകലെയായതിനാല്‍ വളരെയധികം തണുപ്പുള്ള പ്രദേശത്താണ് ക്വാവായുള്ളത്. കൊടുംതണുപ്പ് ഈ കുള്ളന്‍ ഗ്രഹത്തിന്റെ അസാധാരണ വലയത്തിന് പിന്നിലുണ്ടെന്ന വിശദീകരണമുണ്ട്. എന്നാല്‍ ഇതേക്കുറിച്ച് കൂടുതല്‍ പഠനങ്ങള്‍ ആവശ്യമാണെന്നാണ് യൂറോപ്യന്‍ ബഹിരാകാശ ഏജന്‍സി തന്നെ വിശദീകരിക്കുന്നത്.
ഗ്രഹങ്ങളില്‍ നിന്നും നിശ്ചിത അകലത്തില്‍ വലംവെക്കുന്ന വസ്തുക്കള്‍ കാലാന്തരത്തില്‍ അതിന്റെ ഉപഗ്രഹമോ മറ്റൊരു ചെറുഗോളമോ ആയിമാറുമെന്നാണ് കരുതപ്പെടുന്നത്. അതേസമയം റോഷേ ലിമിറ്റ് എന്നു വിളിക്കുന്ന ഈ അകലത്തിനുള്ളിലേക്കെത്തുന്ന വസ്തുക്കള്‍ അതാത് ഗ്രഹങ്ങളിലേക്ക് ആകര്ഷിക്കപ്പെടുമെന്നുമാണ് ലഭ്യമായ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ പൊതുവേ കരുതിയിരുന്നത്. എന്നാല്‍ ശാസ്ത്രത്തിന്റെ ഈ പൊതു ധാരണക്ക് വിരുദ്ധമായാണ് കുള്ളന്‍ഗ്രഹമായ ക്വാവായുടെ വലയമുള്ളത്. റോഷേ ലിമിറ്റിനും അകലത്തിലായിട്ട് കൂടി ക്വാവായുടെ വലയം മാറ്റമില്ലാതെ നില നില്‍ക്കുന്നുവെന്നതാണ് ശാസ്ത്രത്തിന് മുന്നിലെ ചോദ്യ ചിഹ്നം.