ബിജെപി വീണ്ടും അധികാരത്തിൽ വന്നാൽ രാജ്യത്ത് സര്‍വ്വനാശമുണ്ടാകും

കോട്ടയം: ഒരവസരം കൂടി ബിജെപിക്ക് ലഭിച്ചാല്‍ രാജ്യത്ത് സര്‍വ്വനാശമാകും ഉണ്ടാകുകയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.ബിജെപി വിനാശകരമായ ശക്തിയായി മാറിയിരിക്കുന്നു.ബിജെപി വീണ്ടും അധികാരത്തിൽ വരുന്നത് തടയാൻ സംസ്ഥാന അടിസ്ഥാനത്തിൽ കൂട്ടുകെട്ടുകൾ രൂപപ്പെടണം. സിപിഎം വാഴൂര്‍ ഏരിയാ കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

രാജ്യത്താകെ ഒരു മുന്നണി എന്ന നിലയ്ക്ക് ഉയർന്ന വരാൻ സാധ്യതയില്ല.രാജ്യത്ത് പ്രാദേശിക കക്ഷികൾക്ക് നല്ല സ്വാധീനമുള്ള സംസ്ഥാനങ്ങളുണ്ട്. നേരത്തെ ഇവർ ബിജെപിക്ക് ഒപ്പം ചേരുന്ന സ്ഥിതിയായിരുന്നു. പക്ഷേ ഇപ്പോൾ അവർ ബിജെപിക്കൊപ്പം അല്ല. അവരെ എല്ലാവരെയും സംസ്ഥാന അടിസ്ഥാനത്തിൽ ഏകോപിപ്പിക്കുകയാണ് ഇനി വേണ്ടത്.ആ കക്ഷികളുടെ നേതൃത്വത്തിൽ ബിജെപിക്കെതിരായ ഒരു കൂട്ടുകെട്ട് സംസ്ഥാന അടിസ്ഥാനത്തിൽ ഉണ്ടാകണമെന്നും പിണറായി അഭിപ്രായപ്പെട്ടു.

ത്രിപുരയില്‍ പാര്‍ട്ടിയെ ഇല്ലാതാക്കാന്‍ കോണ്‍ഗ്രസ് ശ്രമിച്ചിട്ടുണ്ട്. ആ അതിക്രമങ്ങളെയെല്ലാം പാര്‍ട്ടി നേരിട്ടിട്ടുണ്ട്. എന്നാല്‍ അമിതാധികാര വാഴ്ചയെ ചെറുക്കാന്‍ എല്ലാവരും ഒരുമിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. കേരളത്തില്‍ ഗുസ്തി പിടിക്കുന്നവര്‍ ത്രിപുരയില്‍ ദോസ്തുക്കളാണെന്ന പ്രധാനമന്ത്രിയുടെ പരാമര്‍ശത്തിനു മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി. ജനാധിപത്യവിരുദ്ധമായ കാര്യങ്ങള്‍ രാജ്യത്തു നടക്കുമ്പോള്‍ പ്രധാനമന്ത്രി അതിനു പ്രോത്സാഹനം നല്‍കുകയാണെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.