കൽപറ്റ: മോദിയുടെ കഴിഞ്ഞ എട്ട് വർഷത്തിനിടെ അദാനിക്കുണ്ടായ വളർച്ച മാത്രമാണ് മോദി മാജിക്കെന്ന് രാഹുൽ ഗാന്ധി .മോദി വിദേശ യാത്ര നടത്തുമ്പോഴൊക്കെ അദാനിക്ക് ഒരു കരാർ എന്നുള്ളതാണ് രാജ്യത്തിന്റെ വിദേശ നയം. മോദി വിദേശത്ത് എത്തുമ്പോൾ അദാനി കൂടെ പോകുകയോ അല്ലെങ്കിൽ അവിടെ എത്തുകയോ ചെയ്യും.ഇത്തരത്തിൽ ബംഗ്ലാദേശിലും ശ്രീലങ്കയിലും അദാനിക്ക് കരാർ കിട്ടിയതായി രാഹുൽ ഗാന്ധി.
സത്യമല്ലാതെ ഒന്നും പാർലമെന്റിൽ പറഞ്ഞിട്ടില്ല. പ്രസംഗത്തിൽ പറഞ്ഞതിന്റെ എല്ലാ തെളിവുകളും നൽകിയിട്ടുണ്ട്. രാജ്യത്തെ വിമാനത്താവളങ്ങളെല്ലാം അദാനി വാങ്ങുകയാണ്.വയനാട് സന്ദർശനത്തിനിടെ മീനങ്ങാടി പഞ്ചായത്ത് സ്റ്റേഡിയത്തിൽ നടന്ന പൊതുയോഗത്തിൽ സംസാരിക്കുകയായിരുന്നു കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി എം പി.ഭാരത് ജോഡോ യാത്രയ്ക്കു ശേഷം ആദ്യ കേരള സന്ദർശനത്തിനെത്തിയതായിരുന്നു രാഹുൽ.
താൻ ആരെയും തേജോവധം ചെയ്തിട്ടില്ലെന്നും തന്റെ ആരോപണത്തിന് മറുപടി പറയുന്നതിനു പകരം വ്യക്ത്യാധിക്ഷേപം നടത്തുകയാണെന്നും രാഹുൽ കുറ്റപ്പെടുത്തി.പാർലമെന്റിൽ അദാനിയും പ്രധാനമന്ത്രിയും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് മോശമായി ഒന്നും പറഞ്ഞിട്ടില്ല. എന്നാൽ തന്റെ പ്രസംഗത്തിന്റെ ഭൂരിഭാഗവും സഭാ രേഖകളിൽ നിന്നും നീക്കി. പ്രധാനമന്ത്രിക്കൊപ്പം അദാനി വിദേശയാത്ര നടത്തുന്നത് എങ്ങനെ? അവിടെ അദാനി കരാറിൽ ഒപ്പിടുന്നതെങ്ങനെ? രാഹുൽ ചോദിച്ചു.
മോദിയുടെ കയ്യിൽ എല്ലാ ഏജൻസികളും ഉണ്ടാകും. എന്നാൽ അദ്ദേഹത്തെ ഭയക്കുന്നില്ലെന്നും ഒരുനാൾ അദ്ദേഹത്തിന് സത്യത്തെ അഭിമുഖീകരിക്കേണ്ടിവരുമെന്നും രാഹുൽ പറഞ്ഞു.