തെങ്കാശിയിൽ റെയിൽവേ ജീവനക്കാരിയായ മലയാളി യുവതിയെ വഴങ്ങണമെന്നും ഇല്ലെങ്കിൽ കൊല്ലുമെന്നും അക്രമി ഭീഷണിപ്പെടുത്തി

തെങ്കാശി: തെങ്കാശിയിലെ പാവൂർ സത്രം റെയിൽവേ ഗേറ്റ് ജീവനക്കാരിയായ മലയാളി സ്ത്രീയെ കല്ല് കൊണ്ട് മുഖത്തിടിച്ച് ട്രാക്കിലൂടെ വലിച്ചിഴച്ച് പീഡിപ്പിക്കാനാണു പ്രതി ശ്രമിച്ചത്. ഷർട്ട് ധരിക്കാത്ത കാക്കിയിട്ട തമിഴ് സംസാരിക്കുന്ന ആളാണ് ലൈംഗീകാക്രമണം നടത്തിയത്  എന്ന് യുവതി പോലീസിന് മൊഴി നൽകി.

തെങ്കാശിയിലെ പാവൂർ സത്രം റെയിൽവേ ഗേറ്റ് ജീവനക്കാരിയായ കൊല്ലം സ്വദേശിനിയ്ക്ക് നേരെയാണ് ആക്രമണം ഉണ്ടായത്.യുവതിയുടെ ആരോഗ്യനിലയിൽ പുരോഗതിയുണ്ടെന്ന് അധികൃതർ അറിയിച്ചു.ശരീരമാസകലം ക്ഷതമേറ്റ പാടുകളുണ്ടെന്നും സംസാരിക്കാൻ കഴിയുന്നില്ലെന്നും ഗാർഡ് റൂമിൽ കടന്നു കയറി പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നുവെന്നും അക്രമത്തിനിരയായ യുവതിയുടെ അമ്മ പറഞ്ഞു.വഴങ്ങണമെന്നും ഇല്ലെങ്കിൽ കൊല്ലുമെന്നും അക്രമി ഭീഷണിപ്പെടുത്തിയതായും യുവതി മൊഴി നൽകിയിരുന്നു.

പ്രദേശത്തെ സിസിടിവി ക്യാമറാ ദൃശ്യങ്ങളും മൊബൈൽ ടവറുകളിലെ വിവരങ്ങളും ശേഖരിച്ച് റെയിൽവേ പൊലീസിന്റെ അന്വേഷണം പുരോഗമിക്കുകയാണ്. പ്രതിയുടെതെന്ന് സംശയിക്കുന്ന ചെരിപ്പ് പോലീസിന് ലഭിച്ചു. ചെരുപ്പിൽ നിന്ന് പെയിന്റിൻറെ അംശം കണ്ടെത്തി. സമീപത്തെ പെയിൻറിങ് തൊഴിലാളികളിലെ ചുറ്റിപ്പറ്റിയാണ് അന്വേഷണം പുരോഗമിക്കുന്നത്. സംഭവത്തിൽ ഇതുവരെ 17 പേരെ ചോദ്യം ചെയ്തതായി പൊലീസ് അറിയിച്ചു.