കാഞ്ഞിരപ്പള്ളിയിലെ വിദ്യാര്‍ഥിനി ജസ്നയുടെ തിരോധാനക്കേസില്‍ വഴിത്തിരിവ്.
സിബിഐക്ക് നിർണ്ണായക മൊഴി ലഭിച്ചു. മോഷണക്കേസ് പ്രതിയായിരുന്ന യുവാവിന് ജസ്നയുടെ തിരോധാനത്തില്‍ അറിവുണ്ടെന്നാണ് മൊഴി. യുവാവിനൊപ്പം ജയിലില്‍ കഴിഞ്ഞ മറ്റൊരു പ്രതിയുടേതാണ് വെളിപ്പെടുത്തല്‍.ജസ്നയ്ക്ക് എന്ത് സംഭവിച്ചുവെന്ന് തനിക്ക് അറിയാമെന്ന് യുവാവ് പറഞ്ഞിരുന്നുവെന്നാണ് വെളിപ്പെടുത്തല്‍.
സി.ബി.ഐ ഉദ്യോഗസ്ഥര്‍ ജയിലിലെത്തി പ്രതിയുടെ മൊഴിയെടുത്തു. പത്തനംതിട്ട സ്വദേശിയായ യുവാവ് ഒളിവിലാണ്. യുവാവിനെ കണ്ടെത്തി കൂടുതൽ അന്വേഷണത്തിലേക്ക് കടക്കാനാണ് സിബിഐയുടെ ശ്രമം.
2018 മാര്‍ച്ച് 22നാണ് മുക്കൂട്ടുതറയില്‍ നിന്നും കാഞ്ഞിരപ്പള്ളി സെന്റ് ഡൊമനിക് കോളജിലെ രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിയായ ജസ്നയെ കാണാതായത്. ബന്ധുവിന്റെ വീട്ടിലേക്കെന്ന് പറഞ്ഞ് ഇറങ്ങിയ പെണ്‍കുട്ടിയെ പിന്നെ ആരും കണ്ടിട്ടില്ല. പല ഘട്ടങ്ങളിലായി പല നാടുകളിലായി അന്വേഷണം ഊര്‍ജ്ജിതമാക്കിയെങ്കിലും പെണ്‍കുട്ടിയെ കുറിച്ചു മാത്രം ഒരു അറിവും ലഭിച്ചിട്ടില്ല.കോളേജിൽ സ്റ്റഡി ലീവായതിനാല്‍ ആൻ്റിയുടെ വീട്ടില്‍ പഠിക്കാന്‍ പോവുകയാണെന്ന് പറഞ്ഞാണ് ജെസ്ന വീട്ടില്‍ നിന്നിറങ്ങിയത്. അതിനുശേഷമാണ് കാണാതായത്. ജസ്ന ഓട്ടോയില്‍ മുക്കുട്ടുത്തറയിലും ബസില്‍ എരുമേലിയിലും എത്തിയതായി വിവരമുണ്ട്. എന്നാല്‍ പിന്നീട് ജെസ്നയ്ക്ക് എന്തുസംഭവിച്ചുവെന്നുള്ള കാര്യമാണ് ചോദ്യചിഹ്നമായി നിൽക്കുന്നത്.