ഒരിടവേളയ്ക്ക് ശേഷം റിലീസ് ചെയ്ത ഷാരൂഖ് ഖാൻ ചിത്രം പഠാൻ ആഘോഷമാക്കുകയാണ് സിനിമാസ്വാദകർ. ഭാഷാഭേദമെന്യെ പ്രേക്ഷകരും ആരാധകരും പഠാൻ ഇരുകയ്യും നീട്ടി സ്വീകരിച്ചു കഴിഞ്ഞു. റിലീസ് ദിനം മുതൽ മികച്ച പ്രതികരണം നേടി മുന്നേറുന്ന ഷാരൂഖ് ചിത്രം ഇന്ത്യൻ ബോക്സ് ഓഫീസിലും ചരിത്രം കുറിച്ചിരിക്കുകയാണ്. ഇന്ത്യന്‍ കളക്ഷനില്‍ ആദ്യമായാണ് 500 കോടി നേടുന്ന സിനിമ എന്ന ഖ്യാതിയാണ് പഠാൻ സ്വന്തമാക്കി കഴിഞ്ഞത്. ഈ അവസരത്തിൽ ചിത്രത്തിന്റെ ഇതുവരെയുള്ള ആഗോള ബോക്സ് ഓഫീസ് കളക്ഷനാണ് പുറത്തുവരുന്നത്.
981 കോടിയാണ് ആഗോള തലത്തിൽ ഇതുവരെ പഠാൻ നേടിയിരിക്കുന്നത്. ചിത്രത്തിന്റെ നിർമാതാക്കളായ യാഷ് രാജ് ഫിലിംസ് ആണ് ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചിരിക്കുന്നത്. ഇന്ത്യയിൽ നിന്നുമാത്രം 612 കോടിയാണ് ചിത്രം നേടിയത്. വിദേശ മാര്‍ക്കറ്റുകളിലും വന്‍ പ്രതികരണം നേടിയ ചിത്രം അവിടങ്ങളില്‍ നിന്ന് ഇതുവരെ നേടിയത് 44.96 മില്യൺ ആണ്. അതായത് 369 കോടി. ശനി, ഞായർ ദിനങ്ങൾ കൂടി കഴിയുമ്പോൾ ഷാരൂഖ് ചിത്രം 1000 കോടി തൊടുമെന്ന് ഉറപ്പാണ്. കേരളത്തിലും മികച്ച പ്രകടനമാണ് പഠാന് കാഴ്ചവയ്ക്കുന്നത്. 12.95 കോടിയാണ് കേരള ബോക്സ് ഓഫീസില്‍ നിന്നും ചിത്രം നേടിയതെന്ന് ട്രാക്കര്‍മാരായ ഫോറം കേരളം അറിയിക്കുന്നു. കഴിഞ്ഞ ദിവസം വരെയുള്ള കണക്കാണിത്.
2018 ല്‍ പുറത്തിറങ്ങിയ സീറോയ്ക്കു ശേഷം ഷാരൂഖ് ഖാന് നായകനായെത്തിയ ചിത്രമാണ് പഠാൻ. സിദ്ധാര്‍ഥ് ആനന്ദ് ആണ് സംവിധായകന്. ദീപിക പദുകോണ്‍ നായികയാവുന്ന ചിത്രത്തില്‍ ജോണ്‍ എബ്രഹാം മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. സൽമാൻ ഖാനും പഠാനിൽ അതിഥി വേഷത്തിൽ എത്തി. ഡിംപിള്‍ കപാഡിയ, ഷാജി ചൗധരി, ഗൗതം, അഷുതോഷ് റാണ തുടങ്ങിയവരും അഭിനയിച്ചിരിക്കുന്നു.