ചെന്നൈ : മറ്റു പാർട്ടിക്ക് വേണ്ടി വോട്ട് ചോദിയ്ക്കാൻ താൻ പോയിട്ടില്ലെന്നും ജനാധിപത്യത്തെ അടിച്ചമർത്തി സ്വേച്ഛാധിപത്യം ഉടലെടുക്കുമ്പോൾ പാർട്ടിക്കതീതമായി പ്രവർത്തിക്കേണ്ടി വരുമെന്നും മക്കൾ നീതി മയ്യം അധ്യക്ഷൻ കമൽ ഹാസൻ പറഞ്ഞു.
താൻ രാഷ്ട്രീയത്തിലെത്തിയത് ലാഭമുണ്ടാക്കാനല്ല. ഒരു പൗരനെന്ന നിലയിൽ ഏൽപ്പിക്കപ്പെട്ട ചുമതല നിറവേറ്റാൻ വേണ്ടിയാണ്. അധികാരം ജനങ്ങളുടെ കൈയിലാണ്, അടിച്ചമർത്തൽ അനുഭവിച്ചു ജീവിക്കാനാവില്ല. ഡൽഹിയിലെ ജനങ്ങളെ അത് ബോധ്യപ്പെടുത്തണം. ചിലർ മതത്തെ അടിസ്ഥാനമാക്കിയാണ് രാഷ്ട്രീയ പ്രവർത്തനം നടത്തുന്നത് ഇന്ത്യ ഒരു മതേതര രാജ്യമാണ്,അത് അങ്ങനെതന്നെയെന്ന് ഉറപ്പു വരുത്തേണ്ടത് ഓരോ പൗരന്റെയും ഉത്തരവാദിത്യമാണ്.
ഞാനിന്നിവിടെയെത്തിയത് രാജ്യം മതനിരപേക്ഷമായി തുടരണം എന്ന ആഗ്രഹം കൊണ്ടാണ്,ജനങ്ങളുടെ ക്ഷേമത്തിന്റെ കാര്യം വരുമ്പോൾ ചിലപ്പോൾ എല്ലാ ആദർശങ്ങളും മാറ്റിവെച്ചു് ശരിയെന്താണോ അതിനു വേണ്ടി പ്രവർത്തിക്കേണ്ടി വരും.രാജ്യം അപകടത്തിലാവുമ്പോൾ പ്രതിസന്ധി നേരിടുമ്പോൾ പാർട്ടിയ്ക്കും ചിഹ്നത്തിനും അതീതമായി ചിന്തിക്കാൻ കഴിയണമെന്നും ഈറോഡ് ഈസ്റ്റ് നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസിനെ പ്രതിനിധീകരിച്ചു മത്സരിക്കുന്ന ഇ വി കെ എസ് ഇളങ്കോവനെ പിന്തുണച്ചുകൊണ്ടുള്ള പ്രസംഗത്തിനിടെ മക്കൾ നീതി മയ്യം അധ്യക്ഷൻ കമൽ ഹാസൻ സൂചിപ്പിച്ചു.
ഇളങ്കോവനെ പോലെ താനും പെരിയാറിന്റെ കൊച്ചുമകനാണെന്നും കുട്ടിക്കാലം മുതലേ അദ്ദേഹത്തിന്റെ പ്രസംഗം കേട്ടാണ് വളർന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.