മുംബൈ : സംഗീത പരിപാടി നടക്കുന്നതിനിടെ വേദിയിൽ ഗാനമാലപിച്ചുകൊണ്ടിരുന്ന സോനു നിഗത്തിനോടൊപ്പം ഫോട്ടോയെടുക്കാൻ അതിക്രമിച്ചു സ്റ്റേജിൽ കയറിയ എം എൽ എ യുടെ മകൻ വിസമ്മതിച്ച ഗായകൻ സോനു നിഗത്തെ സ്റ്റേജിൽ നിന്നും വലിച്ചിഴച്ചു കൊണ്ടുപോയി ആക്രമിച്ചു.ശിവസേന ഉദ്ദവ് താക്കറെ പാർട്ടിയുടെ എം എൽ എ പ്രകാശ് ഫാതെർപ്പക്കറിന്റെ മകനാണ് ഗായകനെ സ്റ്റേജിൽ കയറി ആക്രമിച്ചത്.
സോനു നിഗം വേദിയിൽ ഗാനമാലപിച്ചു കൊണ്ടുനിൽക്കേ പ്രതി ഫോട്ടോയെടുക്കാൻ സ്റ്റേജിൽ അതിക്രമിച്ചു കയറി.ഇതിനെ തുടർന്നുണ്ടായ വാക്കേറ്റമാണ് അക്രമത്തിൽ കലാശിച്ചത്. സോനുവിന്റെ ഉപദേഷ്ടാവ് ഗുലാം മുസ്തഫ ഖാനിന്റെ മകൻ റബ്ബാനി ഖാൻ ,സോനുവിന്റെ അസ്സോസിയേറ്റ്,ബോഡിഗാർഡ് തുടങ്ങിയവർക്ക് പരിക്കേറ്റു. സോനു നിഗത്തിന്റെ ആരോഗ്യ നില തൃപ്തികരമാണ്.
സെൽഫിയെടുക്കാൻ എം എൽ എ യുടെ മകൻ നിർബന്ധിച്ചുവെന്നും സോനുവിന്റെ സുരക്ഷാ ഉദ്യോഗസ്ഥർ അത് തടഞ്ഞപ്പോൾ പ്രതി അക്രമിക്കുകയായിരുന്നുവെന്നും ദൃക്സാക്ഷികൾ പറയുന്നു.എം എൽ എ പ്രകാശ് ഫാതെർപ്പക്കറാണ് സോനു നിഗത്തെ പരിപാടി നടത്താനായി ക്ഷണിച്ചത്.നാല് ദിവസമായി നീണ്ടുനിന്ന പരിപാടിയുടെ സമാപന ചടങ്ങിൽ പങ്കെടുക്കാനാണ് സോനു നിഗമെത്തിയത്.ചെമ്പൂർ പോലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.