‘കൃഷി നശിപ്പിക്കാൻ സ്ത്രീകൾ മനപ്പൂർവം മലമൂത്രവിസർജനം നടത്തുന്നു’, പരാതിയുമായി കർഷകൻ

തൻ്റെ കൃഷിയിടത്തിൽ ഒരു കൂട്ടം സ്ത്രീകൾ ബോധപൂർവം മലമൂത്രവിസർജനം നടത്തി കൃഷി നശിപ്പിക്കുകയാണെന്ന് കർഷകൻ്റെ പരാതി. ബിഹാറിലെ ഭഗൽപൂർ ജില്ലയിൽ നിന്നാണ് വിചിത്രമായ സംഭവം. സ്ത്രീകൾക്കെതിരെ പരാതി പറഞ്ഞപ്പോൾ ഇവരുടെ ഭർത്താക്കന്മാർ മർദ്ദിച്ചതായും ആരോപണം. ചന്ദ്രദേവ് മണ്ഡൽ എന്ന കർഷകനാണ് സഹായം അഭ്യർത്ഥിച്ച് അധികൃതരെ സമീപിച്ചിരിക്കുന്നത്.നവഭാരത് ടൈംസ് റിപ്പോർട്ട് പ്രകാരം ബിഹാറിലെ ഭഗൽപൂർ ജില്ലയിലെ പിർപൈന്തി ഗ്രാമത്തിലാണ് സംഭവം. വീട്ടിൽ ശൗചാലയമുണ്ടെങ്കിലും തന്റെ കൃഷിയിടത്തിൽ മലമൂത്രവിസർജനം നടത്താൻ സ്ത്രീകൾ സ്ഥിരമായി വരാറുണ്ടെന്ന് ചന്ദ്രദേവ് ആരോപിക്കുന്നു. ചുറ്റും നിരവധി ഫാമുകളുണ്ടെങ്കിലും തന്റെ കൃഷിയിടം തെരഞ്ഞെടുക്കുന്നത് തന്നോടുള്ള വൈരാഗ്യം കൊണ്ടാണെന്നും കർഷകൻ ഉന്നയിക്കുന്നു.

സ്ത്രീകളുടെ മലമൂത്രവിസർജ്ജന പ്രവർത്തനങ്ങൾ കാരണം തന്റെ ഗോതമ്പ് വിളകൾക്ക് നാശം സംഭവിക്കുകയാണെന്നും തന്റെ വിളകൾ നശിപ്പിക്കാൻ അവർ ബോധപൂർവം ചെയ്യുകയാണെന്നും ചന്ദ്രദേവ് പറയുന്നു. വിഷയത്തിൽ പരാതിപ്പെട്ടതിന്റെ പേരിൽ ഇവരുടെ ഭർത്താക്കന്മാർ തന്നെ മർദ്ദിച്ചതായും പരാതിയിൽ പറയുന്നു. പ്രാദേശിക ഭരണകൂടം കൃഷിയിടത്തിൽ മലമൂത്ര വിസർജനം നടത്തരുതെന്നും സ്വന്തം വീടുകളിലെ ശൗചാലയങ്ങൾ ഉപയോഗിക്കണമെന്നും സ്ത്രീകളോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ സ്ത്രീകൾ പിന്മാറിയില്ലെന്ന് കർഷകൻ പറയുന്നു.

ചൈൽഡ് ഡെവലപ്‌മെന്റ് അഡ്മിനിസ്‌ട്രേറ്റീവ് സർക്കിൾ ഓഫീസർ പിർപന്തിക്ക് നൽകിയ പരാതിയിൽ സ്ത്രീകൾക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് ചന്ദ്രദേവ് മണ്ഡൽ ആവശ്യപ്പെടുന്നു.