കോഴിക്കോട് ∙ നാഷണൽ ആശുപത്രിയിൽ കാലുമാറി ശസ്ത്രക്രിയ നടത്തിയതില്‍ ഡോക്ടര്‍ കുറ്റസമ്മതം നടത്തുന്ന ദൃശ്യങ്ങള്‍ പുറത്ത്. മുന്നൊരുക്കം നടത്തിയത് ഇടതുകാലിലെ ശസ്ത്രക്രിയയ്ക്കാണെന്നും, എന്നാല്‍ ശസ്ത്രക്രിയ നടത്തിയത് വലതുകാലിലെന്നും ഡോ.ബെഹിര്ഷാന് സമ്മതിക്കുന്നതാണ് ദൃശ്യങ്ങളിലുള്ളത്. മാനേജ്മെന്റുമായി നടത്തിയ ചര്‍ച്ചയിലാണ് തുറന്നുപറച്ചില്‍. അതേസമയം, സംഭവവുമായി ബന്ധപ്പെട്ട് ഡോക്ടർക്കെതിരെ നടക്കാവ് പൊലീസ് കേസെടുത്തു. കുടുംബത്തിന്റെ പരാതിയിലാണ് നsപടി. അശ്രദ്ധമായി ചികിൽസിച്ചു എന്ന കുറ്റമാണ് ബഹിർഷാനെതിരെ ചുമത്തിയത്.
ഇടതുകാലിനു പരുക്കേറ്റ മക്കട സ്വദേശി സജ്നയുടെ (58) വലതുകാലിനാണ് ഡോക്ടർ ശസ്ത്രക്രിയ നടത്തിയത്. ഇതു സംബന്ധിച്ച് നടക്കാവ് പൊലീസിലും ആരോഗ്യ മന്ത്രിക്കും ഡിഎംഒയ്ക്കും പരാതി നൽകിയിട്ടുണ്ട്.വീടിന്റെ വാതിൽ അടയ്ക്കുന്നതിനിടെ അതിനുള്ളിൽ കാൽ കുടുങ്ങിയാണ് സജ്നയ്ക്കു പരുക്കേറ്റത്. ഒരു വർഷത്തിലേറെയായി ഡോ. ബഹിർഷാന്റെ ചികിത്സയിലായിരുന്നു. ശസ്ത്രക്രിയയ്ക്ക് കഴിഞ്ഞ 20ന് നാഷനൽ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു. ഇടതുകാലിനു പകരം വലതുകാലിനു ശസ്ത്രക്രിയ നടത്തിയ വിവരം രോഗിയും ബന്ധുക്കളും ഉടനെ ഡോക്ടറെ അറിയിച്ചിരുന്നുവെന്നു പറയുന്നു.അതേസമയം, സജ്നയുടെ ഇരുകാലുകൾക്കും പരുക്കുണ്ടായിരുന്നുവെന്നും ഇതിനായി കഴിഞ്ഞ ഏപ്രിൽ മുതൽ ഡോ. ബഹിർഷാന്റെ ചികിത്സയിലായിരുന്നുവെന്നും നാഷനൽ ഹോസ്പിറ്റൽ എംഡി ഡോ. കെ.എം.ആഷിക് അറിയിച്ചു. വലതുകാൽ പരിശോധിച്ചപ്പോൾ പരുക്കുള്ളതായി രോഗിയെയും ഭർത്താവിനെയും ബോധ്യപ്പെടുത്തിയിരുന്നു. ഭർത്താവിന്റെ സമ്മതപത്രം പ്രകാരമാണ് ശസ്ത്രക്രിയ നടത്തിയത്. ആശുപത്രിയുടെയോ ഡോക്ടറുടെയോ ഭാഗത്തു നിന്ന് ഒരു അശ്രദ്ധയും അപാകതയും ഉണ്ടായിട്ടില്ലെന്നും അധികൃതർ വിശദീകരിച്ചിരുന്നു.