തൃശൂര്‍: പാലിയേക്കര ടോള്‍ പ്ലാസയിലെ വാഹനത്തിരക്കിൽ പാലക്കാട് മീനാക്ഷിപുരം സ്റ്റേഷനിലെ മുന്‍ എസ്എച്ച്ഒ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോ ഇന്‍സ്‌പെക്ടര്‍ പി.എം. ലിബിയാണു ആത്മഹത്യക്ക് ശ്രമിച്ചത്. കാറില്‍ നാല് കന്നാസുകളിലായി 20 ലിറ്റര്‍ പെട്രോളുമായി എത്തിയ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ദേഹത്തേയ്ക്ക് പെട്രോളൊഴിച്ചു തീ കൊളുത്താന്‍ ശ്രമിച്ചു.
വെള്ളിയാഴ്ച വൈകിട്ട് അഞ്ച് മണിയോടെയാണു സംഭവം.കഴിഞ്ഞ മാസം 2 നു മീനാക്ഷിപുരം പോലീസ് സ്‌റ്റേഷനില്‍ പരാതിയുമായെത്തിയ 57 കാരനെ സ്വന്തം താമസസ്ഥലത്തേക്കു കൂട്ടിക്കൊണ്ടുപോയി മോശമായി പെരുമാറിയെന്ന കേസിൽ ലിബിയെ ഉത്തരമേഖല ഐജി സസ്‌പെന്‍ഡ് ചെയ്തിരുന്നു.കൊല്ലം കൊട്ടാരക്കര സ്വദേശിയാണ് ലിബി.വീട്ടില്‍നിന്നു പാലക്കാട്ടേക്കു പുറപ്പെട്ട ലിബി മാനസികസര്‍മ്മദ്ദത്തെ തുടര്‍ന്ന് ജീവനൊടുക്കാന്‍ സാധ്യതയുണ്ടെന്നു വീട്ടുകാര്‍ പോലീസിനെ അറിയിച്ചതിനെ തുടർന്ന് പോലീസ് സംഘം ടോള്‍ പ്ലാസയില്‍ കാര്‍ തടഞ്ഞു.
കാറില്‍ നിന്നറങ്ങാന്‍ കൂട്ടാക്കാതിരുന്ന ലിബി ആത്മഹത്യാ ഭീഷണി മുഴക്കി ദേഹത്തേയ്ക്ക് പെട്രോളൊഴിച്ചു ജീവനൊടുക്കാന്‍ ശ്രമിച്ചു.സിഗരറ്റ് ലൈറ്റര്‍ ഉപയോഗിച്ച് തീ കൊളുത്താന്‍ ശ്രമിക്കുന്നതിനിടെ അവിടെത്തിയ അഗ്നിരക്ഷാസേനയും പോലീസും ചേര്‍ന്നു കാറിന്റെ പിന്‍ഭാഗത്തെ ചില്ലുതകര്‍ത്ത് ഉള്ളിലേക്ക് വെള്ളം ചീറ്റിച്ചാണ് വന്‍ദുരന്തം ഒഴിവാക്കിയത്.പോലീസ് സംഘം ബലമായി കീഴ്‌പ്പെടുത്തി സിഐയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.