‘നന്‍പകല്‍ നേരത്ത് മയക്കത്തില്‍ എനിക്ക് രോമാഞ്ചം തോന്നിയ നിമിഷം ഇതായിരുന്നു’; എന്‍ എസ് മാധവന് പറയുന്നു
ലിജോ ജോസ് പെല്ലിശ്ശേരിയുടെ സംവിധാനത്തില്‍ മമ്മൂട്ടി അഭിനയിക്കുന്നു എന്നതാണ് നന്‍പകല്‍ നേരത്ത് മയക്കത്തെ പ്രഖ്യാപന സമയം മുതല്‍ പ്രേക്ഷകശ്രദ്ധയിലേക്ക് നീക്കിനിര്‍ത്തിയ ഘടകം. ഭാഷാതീതമായി പാന്‍ ഇന്ത്യന്‍ പ്രേക്ഷകരുടെ ശ്രദ്ധയിലേക്കും പ്രശംസയിലേക്കും എത്തിയിരിക്കുകയാണ് ചിത്രം. ലിജോയുടെ സംവിധാന മികവിനൊപ്പം മമ്മൂട്ടിയെയും പ്രശംസ കൊണ്ട് മൂടുകയാണ് പ്രേക്ഷകര്‍.ട്വിറ്ററില്‍ മലയാളികളും മറുനാട്ടുകാരും ചിത്രത്തെക്കുറിച്ച് മികച്ച അഭിപ്രായവുമായി രംഗത്തെത്തുന്നുണ്ട്.
ഇപ്പോഴിതാ ചിത്രത്തെക്കുറിച്ചും അതിലെ മമ്മൂട്ടിയുടെ പ്രകടനത്തെക്കുറിച്ചും പറയുകയാണ് പ്രശസ്ത എഴുത്തുകാരന് എന്‍ എസ് മാധവന്. ചിത്രത്തില്‍ മമ്മൂട്ടി തന്നെ വിസ്മയിപ്പിച്ച ഒരു രംഗത്തെക്കുറിച്ച് എടുത്ത് പറയുകയും ചെയ്യുന്നു അദ്ദേഹം. ഒരൊറ്റ ക്രിഞ്ച് നിമിഷം പോലുമില്ലാതെ, ദീര്‍ഘമായ വിശദീകരണങ്ങള്‍ ഇല്ലാതെ എത്തിയ നന്‍പകല്‍ നേരത്ത് മയക്കം വിസ്മയിപ്പിച്ചു. ലിജോ ജോസ് പെല്ലിശ്ശേരിയോടും എസ് ഹരീഷിനോടും ബഹുമാനം, പ്രേക്ഷകരോട് അവര്‍ കാട്ടിയ ബഹുമാനത്തിന്. മലയാള സിനിമയെക്കുറിച്ച് (തമിഴ് സിനിമയെക്കുറിച്ചും) എനിക്ക് സന്തോഷം തോന്നുന്നു, എന്നാണ് ചിത്രത്തെക്കുറിച്ചുള്ള എന്‍ എസ് മാധവന്റെ ട്വീറ്റ്. നന്‍പകല്‍ നേരത്ത് മയക്കത്തില്‍ എനിക്ക് രോമാഞ്ചം തോന്നിയ നിമിഷം ഇതായിരുന്നു. മലയാളിയായ ജെയിംസ് തന്റെ മുണ്ട് മാറ്റി തമിഴനായ സുന്ദരത്തിന്റെ ലുങ്കി ഉടുക്കുന്ന നിമിഷം. അമ്പരപ്പിക്കുന്ന ഒരു രൂപാന്തരമാണ് മമ്മൂട്ടി ആ നിമിഷത്തില്‍ ചെയ്തിരിക്കുന്നത്. ഒറ്റ നിമിഷത്തില്‍ അദ്ദേഹത്തിന്റെ ശരീരഭാഷയും പെരുമാറ്റ രീതിയുമൊക്കെ മാറുന്നു. മഹാനടന് അഭിവാദ്യം!, എന്‍ എസ് മാധവന് കുറിച്ചു.
മമ്മൂട്ടിയുടെ അഭിനയ ജീവിതത്തിലെ വ്യത്യസ്തമായ കഥാപാത്രമായാണ് ചിത്രത്തില്‍ മെഗാസ്റ്റാര്‍ എത്തുന്നത്. മമ്മൂട്ടി കമ്പനിയുടെ പേരില്‍ മമ്മൂട്ടി ആദ്യമായി നിര്‍മ്മിച്ച ചിത്രം കൂടിയാണ് നന്‍പകല്‍ നേരത്ത് മയക്കം. ജെയിംസ് എന്ന നാടകട്രൂപ്പ് ഉടമയായിട്ടാണ് മമ്മൂട്ടി ചിത്രത്തില്‍ എത്തുന്നത്. തേനീ ഈശ്വറിന്റെ ക്യാമറയ്ക്കും മികച്ച പ്രതികരണമായിരുന്നു ലഭിച്ചത്. തമിഴകത്തെ പ്രമുഖ നിര്‍മാണ കമ്പനിയായ ഡ്രീം വാരിയര്‍ പിക്ചേഴ്സ് അയല്‍ സംസ്ഥാനത്തേയ്ക്ക് മമ്മൂട്ടി ചിത്രത്തെ എത്തിക്കുന്നത്. മമ്മൂട്ടി കമ്പനിയുടെ ബാനറിലുള്ള ആദ്യത്തെ ചിത്രമായ ‘നന്‍പകല്‍ നേരത്ത് മയക്കം’ കേരള രാജ്യാന്തര ചലച്ചിത്രോത്സവത്തിലാണ് ആദ്യമായി പ്രദര്‍ശിപ്പിച്ചത്. ചലച്ചിത്രോത്സവത്തില്‍ വലിയ രീതിയില്‍ ചിത്രം സ്വീകരിക്കപ്പെട്ടിരുന്നു. എസ് ഹരീഷ് ആണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ദുല്‍ഖര്‍ സല്‍മാന്റെ വേഫെറെര്‍ ഫിലിംസ് ആണ് ചിത്രം തിയറ്ററുകളില്‍ എത്തിച്ചത്. മമ്മൂട്ടിക്ക് പുറമേ അശോകന്, രമ്യാ പാണ്ഡ്യന്, കൈനകരി തങ്കരാജ്, ടി സുരേഷ് ബാബു, ചേതന്‍ ജയലാല്‍, അശ്വത് അശോക്കുമാര്, സഞ്ജന ദിപു, രാജേഷ് ശര്‍മ്മ, വിപിന്‍ ആറ്റ്ലി, അന്തരിച്ച പൂ രാമു തുടങ്ങിയവര്‍ക്കൊപ്പം നിരവധി പുതുമുഖങ്ങളും ചിത്രത്തിലെ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു.