ചെന്നൈ: ഹെഡ് ഫോൺ വെച്ച് മൊബൈലിൽ സംസാരിച്ച് ട്രാക്ക് കടക്കുന്നതിനിടെ ചെന്നൈയിൽ മലയാളി വിദ്യാർത്ഥിനി ട്രെയിനിടിച്ച് മരിച്ചു. താംബരം എംസിസി കോളജിലെ വിദ്യാര്‍ഥിനിയായ കൊല്ലം പുത്തൂര്‍ സ്വദേശിനി നിഖിത കെ സിബിയാണ് മരിച്ചത്. 19 വയസായിരുന്നു.
രാവിലെ കോളേജിലേക്ക് പോകാനായി താമസസ്ഥലത്തുനിന്ന് ഇറങ്ങിയ നിഖിത ഹെഡ് ഫോൺ വെച്ച് മൊബൈൽ ഫോണിൽ സംസാരിച്ചു കൊണ്ട് ട്രാക്ക് മുറിച്ചുകടക്കുന്നതിനിടെ താംബരത്തേക്കുള്ള ട്രെയിൻ കടന്നുവരുണ്ടായിരുന്നു. ട്രെയിന്‍ വേഗത കുറവായിരുന്നെങ്കിലും, ഹെഡ് ഫോണിൽ സംസാരിച്ചുകൊണ്ടു നടന്ന നിഖിത ട്രെയിൻ വരുന്ന കാര്യം അറിഞ്ഞില്ല. ഈ സമയം യുവതി ട്രാക്ക് മുറിച്ചുകടക്കുന്നത് ലോക്കോ പൈലറ്റ് കണ്ടിരുന്നു. ആവർത്തിച്ച് ഹോൺ മുഴക്കിയെങ്കിലും നിഖിത അത് കേട്ടില്ല.
ട്രെയിൻ ഇടിച്ചുതെറിപ്പിച്ച നിഖിത സംഭവസ്ഥലത്തുവെച്ച് തന്നെ മരിച്ചു. താംബരം പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മൃതദേഹം പോസ്റ്റുമോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.