ന്യൂ ഡൽഹി: ത്രിപുരയില്‍ ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകളിലെ വോട്ടെണ്ണല്‍ തുടങ്ങിയപ്പോള്‍ ബിജെപി 32 സീറ്റുകള്‍ക്ക് മുന്നിലെന്നു സൂചന . ത്രിപുരയിൽ ഫെബ്രുവരി 16-ാ തീയതിയും മേഘാലയയും നാഗാലാൻഡും ഫെബ്രുവരി 27നുമായിരുന്നു വോട്ടെടുപ്പ് നടന്നത്.കാൽനൂറ്റാണ്ടായി തുടർന്ന ഇടത് ഭരണം അവസാനിപ്പിച്ചാണ് ത്രിപുരയിൽ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപി അധികാരത്തിൽ എത്തിയത്. കഴിഞ്ഞ തവണ ബിജെപിയും സിപിഎമ്മും തമ്മിലായിരുന്നു തെരഞ്ഞെടുപ്പ് പോരെങ്കിൽ ഇത്തവണ സംസ്ഥാനത്ത് നടക്കുന്നത് ത്രികോണ മത്സരമാണ്.
കോൺഗ്രസും സിപിഎമ്മും കൈകോർത്താണ് ഇത്തവണ ത്രിപുരയിൽ തെരഞ്ഞെടുപ്പിനെ നേരിടുന്നതെങ്കിൽ തിപ്ര മോത്ത എന്ന ഗോത്രവർഗ പാർട്ടിയാണ് ബിജെപിക്ക് വെല്ലുവിളിയാകുന്നത്.നിയമസഭാ തെരഞ്ഞെടുപ്പിൽ ശക്തമായ മത്സരം നടന്ന മേഘാലായയിൽ കോൺഗ്രസ്, ബിജെപി, കോൺറാഡ് സാങ്മയുടെ എൻപിപി, തൃണമൂൽ കോൺഗ്രസ് എന്നിവയാണ് മത്സരംഗത്തുള്ളത്.എൻപിപി-20, ബിജെപി-3, യുഡിപി-8 എന്നിങ്ങനെയാണ് നിലവിലെ കക്ഷിനില.ബിജെപിയുടെയും യുഡിപിയുടെയും പിന്തുണയോടെയാണ് 2018ൽ എൻപിപി ഭരണം നേടിയത്.എൻപിപിയുമായുള്ള ഭിന്നതയെ തുടർന്ന് ബി ജെ പി ഇത്തവണ ഒറ്റയ്ക്കാണ് മത്സരിക്കുന്നത്.
നാഗാലാൻഡിൽ ഭരണകക്ഷിയായ നാഷണലിസ്റ്റ് ഡെമോക്രാറ്റിക് പ്രോഗ്രസീവ് പാർട്ടിയും ബിജെപിയും ഒരുമിച്ചാണ് തെരഞ്ഞെടുപ്പിനെ നേരിടുന്നത്. എൻഡിപിപി 40 സീറ്റിലും ബിജെപി 20 സീറ്റിലുമാണ് മത്സരിച്ചത്. മൂന്ന് സംസ്ഥാനങ്ങളിലും 60 അംഗ നിയമസഭകളാണുള്ളത്. ഭരണം ഉറപ്പിക്കാൻ കേവല ഭൂരിപക്ഷമായ 31 സീറ്റുകളിൽ വിജയം ഉറപ്പിക്കണം.