തിരുവനന്തപുരം∙ യൂത്ത് കോൺഗ്രസ് മട്ടന്നൂർ ബ്ലോക്ക് പ്രസിഡന്റായിരുന്ന എടയന്നൂർ ഷുഹൈബിന്റെ കൊലപാതകം പാർട്ടി നേതാക്കൾ പറഞ്ഞിട്ടാണ് നടത്തിയതെന്ന ഒന്നാം പ്രതി ആകാശ് തില്ലങ്കേരിയുടെ വെളിപ്പെടുത്തലിൽ, ടി.സിദ്ദിഖിന്റെ അടിയന്തരപ്രമേയ നോട്ടിസിന് സ്പീക്കർ എ.എൻ.ഷംസീറിന്റെ അനുമതി.
‘‘കേസിൽ കുറ്റപത്രം സമർപ്പിച്ചു. കേസ് തലശേരി കോടതിയുടെ പരിഗണനയിലാണ്. ഒരു ലക്ഷം ഫോൺ കോളുകൾ ശേഖരിച്ചു. കുറ്റപത്രത്തിൽ 17 പേരാണ് പ്രതികൾ. ഗൂഢാലോചന നടത്തിയവരെ പിടികൂടി.സിപിഎം ഗുണ്ടകളുടെയും ക്വട്ടേഷൻ സംഘങ്ങളുടെയും തണലിലല്ല. അത്തരക്കാരെ സംരക്ഷിക്കുന്ന നിലപാടും സിപിഎമ്മിനില്ല. തെറ്റ് ചെയ്യുന്നവരെ തിരുത്താൻ ശ്രമിക്കും. സാധിച്ചില്ലെങ്കിൽ നടപടി സ്വീകരിക്കും. തെറ്റ് മറച്ചുവയ്ക്കാറില്ല. പൊറുക്കാറുമില്ല. മുഖം നോക്കാതെ നടപടിയുണ്ടാവും.
പാർട്ടിക്ക് പുറത്തുപോയവർ പാർട്ടിയെ ശത്രുതയോടെ കാണും. ക്രിമിനലുകളും ക്വട്ടേഷൻകാരും പ്രതിപക്ഷത്തിന് ചിലപ്പോൾ പ്രിയങ്കരരാകുന്നുവെന്നും” മുഖ്യമന്ത്രി പറഞ്ഞു.മറുപടി പറഞ്ഞ സിദ്ദിഖ് സിപിഎമ്മിനെ പരിഹസിച്ചു. ‘‘ആകാശ് തില്ലങ്കേരിയെ പുറത്താക്കുന്നതിനു മുൻപ് അച്ഛനെ വിളിച്ച് കാര്യം പറഞ്ഞ പാർട്ടിയാണ് സിപിഎം. കുട്ടിയെ സ്കൂളിൽനിന്ന് പുറത്താക്കുന്നതിനു മുൻപ് പിതാവിനോട് പറയുന്നതുപോലെയായി പോയി ഇത്’’– ടി.സിദ്ദിഖ് പറഞ്ഞു. പ്രതികളെ സംരക്ഷിക്കാനാണ് ഷുഹൈബ് കേസിൽ സിബിഐയെ ഒഴിവാക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.