പഞ്ചസാരയുടെ പരക്കേ വിശ്വസിക്കപ്പെടുന്ന ദോഷഫലങ്ങള്‍ പരിഗണിച്ച് ചിലരെങ്കിലും ഇതിന് ബദലായി ശര്‍ക്കര ഉപയോഗിക്കാറുണ്ട്. എന്നാല്‍ ഇതില്‍ ഏതാണ് ആരോഗ്യത്തിന് നല്ലത് എന്ന കാര്യത്തില്‍ പല അഭിപ്രായങ്ങളാണ് കേള്‍ക്കാറുള്ളത്.രണ്ടിനും ചില ഗുണങ്ങളും ദോഷങ്ങളും ഉണ്ടെന്നതാണ് സത്യം. രണ്ടും ഉണ്ടാക്കുന്നത് കരിമ്പിൻ ജ്യൂസില്‍ നിന്ന് തന്നെയാണ്. പഞ്ചസാര ഉണ്ടാക്കാനുള്ള ബ്ലീച്ചിങ് പ്രക്രിയയില്‍ രാസവസ്തുക്കള്‍ ഉപയോഗിക്കും എന്നതാണ് ഇവയ്ക്കിടയിലെ പ്രധാന വ്യത്യാസം.
എന്നാല്‍ ശര്‍ക്കര പഞ്ചസാരയ്ക്ക് പകരമായി ഉപയോഗിക്കേണ്ട ഒന്നല്ലെന്ന് സെലിബ്രിറ്റി ന്യൂട്രീഷനിസ്റ്റായ രുജുത ദിവാകര്‍ പറയുന്നു. ഓരോ കാലത്തിനും ഭക്ഷണത്തിന്റെ കോംപിനേഷനും അനുസരിച്ച് വേണം ഇവയുടെ ഉപയോഗമെന്നും ഇന്‍സ്റ്റാഗ്രാമില്‍ പങ്കു വച്ച പോസ്റ്റില്‍ രുജുത പറയുന്നു. ഉദാഹരണത്തിന് മഞ്ഞുകാലത്ത് ശര്‍ക്കര ഉപയോഗിക്കുന്നതാണ് ഉത്തമം. വേനലില്‍ പഞ്ചസാരയും. ബജ്റ, ഗോംഡ് ലഡ്ഡൂ, തില്‍ ചിക്കി പോലുളള ഭക്ഷണവിഭവങ്ങള്‍ക്ക് ശര്‍ക്കരയാണ് ഉത്തമം. എന്നാല്‍ ചായ, കാപ്പി, സര്‍ബത്ത് എന്നിവയ്ക്കെല്ലാം അനുയോജ്യമായത് പഞ്ചസാരയാണെന്നും രുജുത കൂട്ടിച്ചേര്‍ക്കുന്നു. പഞ്ചസാര പോലെ രാസവസ്തുക്കള്‍ ഉപയോഗിക്കാത്തതിനാല്‍ ശര്‍ക്കരയുടെ ഗുണങ്ങള്‍ പഞ്ചസാരയിലും അധികമാണെന്ന് ദ് ഇന്ത്യന്‍ എക്സ്പ്രസിന് നല്കിയ അഭിമുഖത്തില്‍ ഡയറ്റീഷന്‍ ഗരിമ ഗോയല്‍ പറയുന്നു. വിളര്‍ച്ചയുള്ളവര്‍ക്ക് ശര്‍ക്കര നല്ലതാണ്. ഇതില്‍ അയണ്‍, മഗ്നീഷ്യം, പൊട്ടാസ്യം, സിങ്ക്, കാല്‍സ്യം, സെലീനിയം എന്നിവ ഉയര്‍ന്ന തോതില്‍ ഉണ്ടെന്നും ഗരിമ ചൂണ്ടിക്കാട്ടുന്നു.
“പഞ്ചസാര ശരീരത്തിലേക്ക് പെട്ടെന്ന് ആഗീരണം ചെയ്യപ്പെടുന്നതിനാല്‍ വളരെ വേഗം ഗ്ലൂക്കോസ് വര്‍ധിക്കാന്‍ കാരണമാകാം. എന്നാല്‍ നീണ്ട സൂക്രോസ് ചെയ്നുകളുള്ള കോംപ്ലക്സ് ഷുഗറായ ശര്‍ക്കര പതിയെ മാത്രം ആഗീരണം ചെയ്യപ്പെടുന്നതിനാല്‍ ഗ്ലൂക്കോസ് തോതില്‍ സന്തുലനം ഉണ്ടായിരിക്കും. ശര്‍ക്കരയില്‍ ധാതുക്കള്‍, വൈറ്റമിനുകള്‍, ആന്റി ഓക്സിഡന്റുകള്‍ എന്നിവയും ധാരാളമുള്ളതിനാല്‍ ശരീരത്തിന്റെ ആരോഗ്യത്തിനും പ്രതിരോധശേഷിക്കും ഇത് നല്ലതാണ്. ആന്റി-അലര്‍ജി ഗുണങ്ങളുള്ള ശര്‍ക്കര ആസ്മ, ചുമ, ജലദോഷം, നെഞ്ചില്‍ കഫക്കെട്ട് പോലുള്ള പ്രശ്നങ്ങളുടെ ചികിത്സയ്ക്കും സഹായിക്കുന്നു.
ഭക്ഷണം കഴിച്ചതിന് ശേഷം ഒരു കഷ്ണം ശര്‍ക്കര കഴിക്കുന്നത് ദഹനത്തെ സഹായിക്കുകയും ശരീരത്തില്‍ നിന്ന് വിഷാംശം നീക്കാന്‍ സഹായിക്കുകയും ചെയ്യും. എന്നാല്‍ പഞ്ചസാരയും ശര്‍ക്കരയും ശരീരത്തില്‍ അധിക കലോറി എത്താന്‍ കാരണമാകുമെന്ന കാര്യം അവഗണിക്കാന്‍ സാധിക്കില്ലെന്നും ഗരിമ മുന്നറിയിപ്പ് നല്കുന്നു. ഇതിനാൽ പരിമിതമായ അളവിൽ ആകണം രണ്ടിന്റെയും ഉപയോഗമെന്നും ഡയറ്റീഷന്മാർ ഓർമിപ്പിക്കുന്നു.