ഐഎഎസ് തലപ്പത്ത് അഴിച്ചുപണി,എറണാകുളം കളക്ടർ രേണുരാജ് വയനാട്ടിലേക്ക്

തിരുവനന്തപുരം: അഞ്ച് ജില്ലകളിൽ കളക്ടർമാരെ മാറ്റിക്കൊണ്ട് സംസ്ഥാനത്ത് ഐഎഎസ് തലപ്പത്ത് അഴിച്ചുപണി.എറണാകുളം കളക്ടറായ രേണു രാജ് വയനാടിന്റെ പുതിയ കലക്ടറാകും. ബ്രഹ്മപുരം തീപിടിത്ത വിവാദത്തിന് പിന്നാലെയാണ് എറണാകുളം കളക്ടർക്ക് സ്ഥാനചലനമുണ്ടാകുന്നത്.

ചീഫ് സെക്രട്ടറിയുടെ സ്റ്റാഫ് ഓഫീസറായ ഉമേഷ് എൻഎസ്കെയാണ് പുതിയ എറണാകുളം കളക്ടർ. ഐടി മിഷൻ ഡയറക്ടർ സ്നേഹിൽ കുമാറിനെ ചീഫ് സെക്രട്ടറിയുടെ സ്റ്റാഫ് ഓഫീസറായി നിയമിച്ചു.നിലവിൽ വയനാട് കലക്ടർ എ ഗീതയെ കോഴിക്കോട് കലക്ടറായി നിയമിച്ചു.തൃശൂർ കളക്ടറായ ഹരിത വി കുമാറിനെ ആലപ്പുഴയിലേക്ക് സ്ഥലം മാറ്റി.ആലപ്പുഴ കളക്ടർ വൈആർ കൃഷ്ണ തേജയെ തൃശൂർ കളക്ടറായി മാറ്റി നിയമിച്ചു.

മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ ഡയറക്ടറായ അനു കുമാരി ഐഎഎസിനെ കേരള ഐടി മിഷൻ ഡയറക്ടറായും നിയമിച്ചു.തിരുവനന്തപുരം സബ് കളക്ടർ അശ്വതി ശ്രീനിവാസിന് തിരുവനന്തപുരം ജില്ലാ വികസന കമ്മീഷണറുടെ അധിക ചുമതലയും ധനകാര്യവകുപ്പ് സ്പെഷ്യൽ ഡ്യൂട്ടി ഓഫീസറായ മൊഹമ്മദ് വൈ സഫിറുള്ളയെ ഈ ഹെൽത്ത് പ്രോജക്ട് ഡയറകർക്കുള്ള അധിക ചുമതലയും നൽകി.