കൊച്ചി∙ സ്വപ്ന സുരേഷിന്റെ ആരോപണങ്ങള്‍ പച്ചക്കള്ളമെന്ന് കേസ് ഒത്തുതീര്‍പ്പാക്കാന്‍ എത്തിയെന്ന് ആരോപിക്കപ്പെട്ട വിജേഷ് പിള്ള. വെബ് സീരീസുമായി ബന്ധപ്പെട്ട ചര്‍ച്ചയ്ക്കാണ് സ്വപ്നയെ കണ്ടതെന്ന് വിജേഷ് പിള്ള പറഞ്ഞു. സ്വപ്നയുമായി രഹസ്യ ചര്‍ച്ച നടത്തിയിട്ടില്ല. ഹോട്ടലില്‍ പരസ്യമായാണു കണ്ടത്. എം.വി.ഗോവിന്ദനെ മാധ്യമങ്ങളില്‍ കണ്ടുള്ള പരിചയം മാത്രമേയുള്ളൂവെന്നും വിജേഷ് പിള്ള പറഞ്ഞു. സ്വപ്നയുടെ ആരോപണത്തില്‍ ചോദ്യംചെയ്യാന്‍ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) ഇന്നലെ വിളിച്ചെന്നും വിജേഷ് പിള്ള പറഞ്ഞു .
‘‘ഒരു വാസ്തവവും ഇല്ലാത്ത കാര്യങ്ങളാണു പറഞ്ഞിരിക്കുന്നത്. എല്ലാം പച്ചക്കള്ളമാണ്. ഒരു വെബ് സീരിസുമായി ബന്ധപ്പെട്ട കാര്യത്തിനാണ് അവരുമായി കൂടിക്കാഴ്ച നടത്തിയത്. അവർ പ്രാഥമികമായി ഓകെ എന്നു പറഞ്ഞിരുന്നതിനാൽ ചർച്ചകൾക്കായി കാണുകയായിരുന്നു. ഷൂട്ടോ കാര്യങ്ങളോ അല്ല, വെബ് സീരീസിന്റെ ചർച്ചയായിരുന്നു. ഹോട്ടലിന്റെ റെസ്റ്ററന്റിൽ ഇരുന്നായിരുന്നു ചർച്ച.അവർ പരസ്യമായി പൊതുയിടത്തിൽ പറഞ്ഞതിനു മറുപടി എങ്ങനെ കൊടുക്കണമെന്ന് എനിക്ക് അറിയില്ല. ഞാനവരെ ഭീഷണിപ്പെടുത്തിയെന്നും രാഷ്ട്രീയ പാർട്ടി ബന്ധവുമായാണ് ഞാൻ വരുന്നതെന്നും 30 കോടി വാഗ്ദാനം ചെയ്തെന്നും അവരുടെ കൈയിൽ തെളിവുണ്ടെങ്കിൽ അവർ കാണിക്കട്ടെ. ഒടിടിയുമായി ബന്ധപ്പെട്ട ചർച്ചകളിൽ താൽപര്യമുണ്ടെന്ന് അറിയിച്ചതുകൊണ്ടാണ് അവരുമായി സംസാരിക്കാൻ പോയത്. ഇല്ലെങ്കിൽ എനിക്കവരെ കാണേണ്ട ആവശ്യമില്ലല്ലോ.
കണ്ടന്റ് ചെയ്യുന്നതിനു താൽപര്യമുണ്ടെന്നു പറഞ്ഞിട്ടാണു കൂടിക്കാഴ്ച നടത്തിയത്. അതിൽനിന്ന് അവർക്ക് എങ്ങനെ വരുമാനം ലഭിക്കും എന്നുള്ള കാര്യങ്ങളാണു ഞങ്ങൾ സംസാരിച്ചത്. അക്കാര്യങ്ങൾ അവർ വേറൊരു രീതിയിൽ വളച്ചൊടിക്കുന്നുണ്ടോ എന്നു ഞാൻ ചിന്തിക്കേണ്ട കാര്യമില്ലല്ലോ. ഒടിടിയിലെ വരുമാനമെന്നത് അവരുടെ കണ്ടന്റ് എങ്ങനെയാണോ അതുപോലെയായിരിക്കും. അവരെങ്ങനെയാണ് അതു മാനിപുലേറ്റ് ചെയ്യുന്നതെന്ന് എനിക്ക് അറിയില്ല.
എം.വി. ഗോവിന്ദനെപ്പോലുള്ളവരെ പത്രത്തിലും ടിവിയിലും ഒക്കെ കാണുന്നതല്ലാതെ എനിക്ക് അവരെയോ അവർക്ക് എന്നെയോ പരിചയമില്ല. ഈ സാഹചര്യത്തിൽ ഇഡി എനിക്ക് സമൻസ് അയച്ചിരുന്നു. ഇന്നലെ അവരുടെ ഓഫിസിൽ പോയി കാര്യങ്ങൾ പറഞ്ഞിട്ടുണ്ട്’’ – വിജേഷ് കൂട്ടിച്ചേർത്തു.