തിരുവനന്തപുരം: റബ്ബറിന്റെ വില 300 രൂപയാക്കിയാൽ ബി ജെ പി യ്ക്ക് വോട്ടെന്ന തലശേരി ആർച്ച് ബിഷപ്പിന്റെ പ്രസ്താവന പെട്ടെന്നുണ്ടായ ഒരു വികാരത്തിൽ പറഞ്ഞതാകാമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ.
കേരള സർക്കാരിനെതിരായ പ്രതിഷേധത്തിൽ കേന്ദ്രസർക്കാരിനെ പിന്തുണയ്ക്കുന്നത് തെറ്റായ നീക്കമാണെന്നും ന്യൂന പക്ഷങ്ങളെ വേട്ടയാടുന്ന സർക്കാരാണ് മോദിയുടെ കീഴിൽ കേന്ദ്രം ഭരിക്കുന്നതെന്ന സത്യം ബിഷപ്പ് മറക്കരുതെന്നും വി ഡി സതീശൻ ഓർമ്മിപ്പിച്ചു.
സ്റ്റാൻ സ്വാമിയെന്ന വൃദ്ധ പുരോഹിതനെ ജയിലിലടച്ചു പീഡിപ്പിച്ചു കൊന്ന ഭരണ കൂടമാണ് മോദിയുടേത്.പല കത്തോലിക്കാ പുരോഹിതരും പാസ്റ്റർമാരും ജയിലിലാണ്.മത പരിവർത്തനം എന്ന പേരിൽ എത്ര ക്രൈസ്തവ പുരോഹിതരാണ് ഇന്ത്യയിലുടനീളം ആക്രമിക്കപ്പെടുന്നത്.നാല് വർഷത്തെ മോദി ഭരണം കൊണ്ട് 500 ലധികം ക്രൈസ്തവ ദേവാലയങ്ങളാണ് ആക്രമിക്കപ്പെട്ടത്.ക്രൈസ്തവ ന്യൂനപക്ഷം നേരിടുന്ന വലിയ പ്രശ്നം ആർഎസ്എസ്സിന്റെ ഭീഷണി തന്നെയാണെന്നും വി ഡി സതീശൻ കൂട്ടിച്ചേർത്തു.