കണ്ണൂർ ∙ ബിജെപിയുടെ അതിക്രമങ്ങളെയും അന്യായങ്ങളെയും ന്യായീകരിക്കുന്നില്ലെന്നും ബിജെപി വയ്ക്കുന്ന എല്ലാ കല്ലിലും തേങ്ങയെറിയാൻ തങ്ങളെ കിട്ടില്ലെന്നും തലശ്ശേരി ആർച്ച് ബിഷപ് മാർ ജോസഫ് പാംപ്ലാനി. ‘ദേശീയതലത്തിൽ ബിജെപിയുടെ അക്രമങ്ങളെ ആരും ന്യായീകരിക്കുന്നില്ല. അവസരം വന്നാൽ ക്രൈസ്തവസഭയും ബിജെപിയും തമ്മിൽ അക്കാര്യം ചർച്ച ചെയ്യും.
റബറിനു കിലോഗ്രാമിനു 300 രൂപ തറവിലയാക്കിയാൽ ബിജെപിയെ മലയോര കർഷകർ പിന്തുണയ്ക്കുമെന്നു പറഞ്ഞത് ആലോചിച്ചുതന്നെയാണ്. അതിൽ ഉറച്ചുനിൽക്കുന്നു. ഞങ്ങൾക്ക് കർഷകപക്ഷം മാത്രമേയുള്ളു. കർഷകരുടെ കാര്യം കേന്ദ്ര സർക്കാരും സംസ്ഥാന സർക്കാരുമാണു പരിഗണിക്കേണ്ടത്. അതിലെവിടെയാണു ബിജെപി? കർഷകർക്കു വേണ്ടി ഞങ്ങളുയർത്തിയ ശബ്ദത്തെ കക്ഷിരാഷ്ട്രീയ പുകമറകൊണ്ടു തമസ്കരിക്കാനാവില്ല. ഏതെങ്കിലും രാഷ്ട്രീയകക്ഷിയും കത്തോലിക്കാ സഭയും തമ്മിലുള്ള ബാന്ധവമായി ചിത്രീകരിച്ച് കർഷകരുടെ പ്രശ്നങ്ങൾ തിരസ്കരിക്കാമെന്നും തമസ്കരിക്കാമെന്നും ആരു വിചാരിച്ചാലും നടക്കില്ല. കർഷകരുടെ പ്രശ്നങ്ങൾ ഉന്നയിക്കുമ്പോൾ, അതിനെ കൊഞ്ഞനം കുത്തുന്ന പൊറാട്ടുനാടകങ്ങൾ കണ്ട് ഞങ്ങൾ പിന്മാറുമെന്നു കരുതേണ്ട’ – മാർ ജോസഫ് പാംപ്ലാനി പറഞ്ഞു.ബിജെപി നേതാക്കൾ കഴിഞ്ഞയാഴ്ച തന്നെ സന്ദർശിച്ചതു കേന്ദ്ര ന്യൂനപക്ഷ വകുപ്പിന്റെ നേതൃത്വത്തിൽ കണ്ണൂരിൽ നടത്തുന്ന സമ്മേളനത്തെ പറ്റി പറയാനായിരുന്നുവെന്നും മാർ ജോസഫ് പാംപ്ലാനി പറഞ്ഞു.
വിവാദമുണ്ടാക്കാൻ ബിജെപി പല ശ്രമവും നടത്തും. അവർ മുതലെടുക്കാൻ ശ്രമിച്ചുവെങ്കിൽ അതിനു വഴിമരുന്നിട്ടത് ഏതു പാർട്ടിയാണ്? ഭൂതത്തെ കുടം തുറന്നുവിട്ട ശേഷം നിലവിളിക്കരുത്. കക്ഷിരാഷ്ട്രീയ നേതാക്കൾ പ്രസ്താവന നടത്തുമ്പോൾ പക്വത കാണിക്കണം അദ്ദേഹം പറഞ്ഞു.
ബിജെപി ജില്ലാ പ്രസിഡന്റ് എൻ.ഹരിദാസിനൊപ്പം ന്യൂനപക്ഷ മോർച്ച നേതാക്കളാണു ചൊവ്വാഴ്ച ബിഷപ് ഹൗസിൽ ആർച്ച് ബിഷപ്പുമായി കൂടിക്കാഴ്ച നടത്തിയത്. കർഷകർ നേരിടുന്ന പ്രശ്നങ്ങളാണ് ബിഷപ്പുമായി ചർച്ച ചെയ്തതെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് എൻ. ഹരിദാസ് പറഞ്ഞു. സന്ദർശനത്തിന് മറ്റു രാഷ്ട്രീയ മാനങ്ങളില്ലെന്ന് ബിഷപ്സ് ഹൗസ് വൃത്തങ്ങളും വ്യക്തമാക്കി.