മുംബൈ: ദുബായ്-മുംബൈ ഇൻഡിഗോ വിമാനത്തിലെ രണ്ട് യാത്രക്കാരെ മദ്യപിച്ച് ബഹളം വച്ചതിന് മുംബൈ പോലീസ് അറസ്റ്റ് ചെയ്തു.ഒരു വർഷത്തോളം ഗൾഫിൽ ജോലി ചെയ്തതിന്റെ ഹാങ്ങോവർ മാറ്റാൻ ഡ്യൂട്ടി ഫ്രീ ഷോപ്പിൽ നിന്ന് വാങ്ങിയ മദ്യം വിമാനത്തിൽ തന്നെ കഴിച്ച് മദോന്മത്തരായി ബഹളം വയ്ച്ചതിനെ ചോദ്യം ചെയ്ത ജീവനക്കാരെയും സഹ യാത്രികരെയും അസഭ്യം പറയുകയും കയ്യേറ്റം ചെയ്യാനും തുടങ്ങിയ മുംബൈ സ്വദേശികളായ ജോൺ ജി ഡിസൂസ (49), ദത്താത്രയ് ബാപ്പർദേക്കർ (47) എന്നിവരാണ് പിടിയിലായത്.
എയർലൈൻ ജീവനക്കാരുടെ പരാതിയിൽ മുബൈ സ്വദേശികളായ ഇരുവർക്കുമെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്തു ജാമ്യത്തിൽ വിട്ടു. ഇന്ത്യൻ പീനൽ കോഡ് സെക്ഷൻ 336 പ്രകാരം മറ്റുള്ളവരുടെ ജീവനും സുരക്ഷയും അപകടത്തിലാക്കിയതിനും എയർക്രാഫ്റ്റ് നിയമങ്ങളിലെ 21,22, 25 എന്നിവ പ്രകാരവുമാണ് ഇവർക്കെതിരെ കേസെടുത്തിരിക്കുന്നതെന്ന് സഹാർ പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥർ പറഞ്ഞു.