50 ദിവസം കൊണ്ട് ബോക്സ് ഓഫീസിൽ 65 കോടി,റെക്കോർഡ് നേട്ടവുമായി ‘രോമാഞ്ചം’

ജിതു മാധവന്റെ സംവിധാനത്തിൽ ജോണ്‍പോള്‍ ജോര്‍ജ്ജ് പ്രൊഡക്ഷന്‍സിന്റെയും ഗുഡ്‌വിൽ എന്റർടെയ്ൻമെന്റ്സിന്റെയും ബാനറിൽ ജോണ്‍പോള്‍ ജോര്‍ജ്ജും ഗിരീഷ് ഗംഗാധരനും നിര്‍മ്മിച്ച ചിത്രമാണ് ‘രോമാഞ്ചം’. 50 ദിവസം കൊണ്ട് കേരള ബോക്സ് ഓഫീസിൽ 50 കോടിയും ഇന്ത്യയിലെ മറ്റിടങ്ങളിൽ 4.1 കോടിയും വിദേശ പ്രദർശങ്ങളിൽ 22.9 കോടിയും വാരി പ്രദർശനം തുടരുകയാണ് ‘രോമാഞ്ചം.

ലോകമെമ്പാടുമായി 68 കോടി രൂപ കളക്ഷൻ ഇനത്തിൽ നേടി.തിയേറ്ററിൽ 50 ദിവസത്തെ പ്രദർശനം പൂർത്തിയാക്കി സംസ്ഥാനത്തൊട്ടാകെ 107 തിയേറ്ററുകളിൽ സിനിമ ഇപ്പോഴും സ്ക്രീൻ ചെയ്യുന്നുണ്ട്.വൈഡ് റിലീസ് നാളുകളിൽ ഇത്രയും ദിവസം ഒരു മലയാള സിനിമ പ്രദർശനം തുടരാൻ സാധ്യത കുറവായ സാഹചര്യത്തിലും രോമാഞ്ച മാകുകയാണ് സിനിമ.

2007-ല്‍ ബാംഗ്ലൂരില്‍ താമസിക്കുന്ന കുറച്ച് യുവാക്കളുടെ ജീവിതത്തിലൂടെ കഥ പറയുന്ന ഹൊറര്‍-കോമഡിയാണ് രോമാഞ്ചം.സുഷിന്‍ ശ്യാം സംഗീതവും സനു താഹിര്‍ ഛായാഗ്രഹണവും നിര്‍വഹിച്ച ചിത്രത്തിൽ സൗബിന്‍ ഷാഹിര്‍, അര്‍ജുന്‍ അശോകന്‍, ചെമ്പന്‍ വിനോദ്, സജിന്‍ ഗോപു, എബിന്‍ ബിനൊ, ജഗദീഷ്, അനന്തരാമന്‍, ജോമോന്‍ ജോതിര്‍, അഫ്‌സല്‍, സിജു സണ്ണി, അസിം ജമാല്‍, ശ്രീജിത് നായര്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളാകുന്നു