പ്രേത കഥകൾക്ക്അവസാനമില്ലെങ്കിലും പ്രേതകഥകൾ കേൾക്കാൻ താല്പര്യമുള്ളവരാണ് നമ്മൾ. എന്നാൽ പ്രേതഭവനത്തെ കുറിച്ച് കേട്ടിട്ടുണ്ടോ? അമേരിക്കൻ ‘ഹൌസ് ഓഫ് ടെറർസ്’ എന്നറിയപ്പെടുന്ന ‘പ്രേത ഭവനം’ വിൽപ്പനയ്ക്ക് വെച്ചിരിക്കുകയാണ് അതിന്റെ ഉടമസ്ഥൻ. ഏകദേശം ഒരു കോടി രൂപയ്ക്കാണ് ഇപ്പോൾ വിൽപ്പനയ്ക്ക് വച്ചിരിക്കുന്നത്. എന്നാൽ ഈ വീട് വാങ്ങാൻ ആരും വരുന്നില്ല എന്നതാണ് ഇപ്പോഴത്തെ പ്രധാന പ്രശ്നം.ഈ വീടിന് എങ്ങനെയാണ് പ്രേതഭവനം എന്ന പേര് വന്നത് എന്നല്ലേ? ഈ വീടിന്റെ നിർമ്മാണ രീതിയാണ് ഇതിന് ഇങ്ങനെയൊരു പേര് ലഭിക്കാൻ പ്രധാന കാരണം. വീടിന്റെ മേൽക്കൂരയിൽ നിന്ന് തൂങ്ങികിടക്കുന്ന അസ്ഥികൂടങ്ങൾ മുതൽ ശവപ്പെട്ടി വരെ ഇന്റീരിയർ ഡെക്കറേഷന്റെ ഭാഗമായി വീടിനുള്ളിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.മാത്രവുമല്ല വീടിന്റെ പുറത്തായി ഒരുക്കിയിരിക്കുന്ന പൂന്തോട്ടം പോലും ഒരു ശവപ്പറമ്പിനെ ഓർമിപ്പിക്കുന്ന രീതിയിലാണ് ഒരുക്കിയിരിക്കുന്നത്. രണ്ടേക്കർ സ്ഥലത്താണ് ഈ വീട് വ്യാപിച്ച് കിടക്കുന്നത്. അടുക്കളയുടെ നിരവധി ഭാഗങ്ങൾ അലങ്കരിച്ചിരിക്കുന്നതാകട്ടെ തലയോട്ടികൾ കൊണ്ടും. ശൂന്യമായ ഒരു സ്കൂൾ ബസും ഒരു ശവശരീരത്തിൽ പരീക്ഷണം നടത്തുന്ന ഗവേഷകന്റെ ജീവസ്സുറ്റ പൂർണമായ പ്രതിമയും ഇവിടെയുണ്ട്.
ആഡബരപൂർവ്വമായ ഈ വീട് കാണുമ്പോൾ തന്നെ നെഗറ്റീവ് ഫീൽ ആണ്. അതുകൊണ്ട് തന്നെ ഇതുവരെ ആരും ഈ വീട് വാങ്ങാൻ തയാറായിട്ടില്ല. മൂന്ന് കിടപ്പുമുറികളാണ് വീട്ടിലുള്ളത്. അമേരിക്കയിലെ ബിഗ് കൺട്രി റിയൽ എസ്റ്റേറ്റ് ലിസ്റ്റിംഗിലാണ് ഈ വീടിന്റെ വിൽപ്പന പരസ്യം വന്നത്.