ചെന്നൈ : തമിഴ്നാട്ടിൽ പ്രത്യേക സുപ്രീം ബഞ്ച് സ്ഥാപിക്കണമെന്നും കോടതി ഭാഷ തമിഴാക്കണമെന്നും കോടതി നിയമനങ്ങളിൽ സാമൂഹ്യ നീതി ഉറപ്പാക്കണമെന്നും മധുരയിൽ പുതുതായി പണി കഴിപ്പിക്കുന്ന കോടതി കെട്ടിടത്തിന്റെ തറക്കല്ലിടൽ ചടങ്ങിൽ പങ്കെടുത്തുകൊണ്ട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ ആവശ്യപ്പെട്ടു.
ഈ ആവശ്യങ്ങൾ കാണിച്ച് ഞങ്ങൾ കേന്ദ്രത്തിനു കത്തയച്ചിട്ടുണ്ട്.എന്നാൽ ഇതുവരെ ഒരു നടപടിയുമുണ്ടായിട്ടില്ല.ഞങ്ങളുടെ ആവശ്യങ്ങളിൽ എത്രയും വേഗം നടപടിയെടുക്കാൻ സർക്കാർ തയ്യാറാവണം.കേന്ദ്ര നിയമ മന്ത്രി കിരൺ റിജിജുവിനെ വേദിയിൽ ഇരുത്തിക്കൊണ്ട് തന്റെ ആവശ്യങ്ങൾ സുപ്രീം കോടതി ചീഫ് ജസ്റ്റീസിനു മുന്നിൽ സ്റ്റാലിൻ അവതരിപ്പിച്ചു.
മുഖ്യമന്ത്രിയുടെ ആവശ്യങ്ങളിൽ കാര്യമായ ചർച്ച നടക്കുമെന്നും സാധ്യമായ എല്ലാ നടപടികളും സ്വീകരിക്കുമെന്നും ചീഫ് ജസ്റ്റിസ് മറുപടി പ്രസംഗത്തിൽ പറഞ്ഞു.എല്ലാ പൗരന്മാർക്കും നിയമ വിദ്യാർത്ഥികൾക്കും സുപ്രീം കോടതി വ്യവഹാരങ്ങളിൽ നേരിട്ടിടപെടാനായി വെർച്വൽ സാദ്ധ്യതകൾ ഉപയോഗപെടുത്താൻ ശ്രമിക്കുന്നുണ്ട്.കോടതി ഭാഷ തമിഴാക്കുന്നതിനു നിയമപരമായ തടസ്സങ്ങളുണ്ട്.വിഷയത്തിൽ കൂടുതൽ ചർച്ച നടത്താൻ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു.
കോടതി ഭാഷ തമിഴാക്കാൻ ഭരണഘടനയുടെ ആർട്ടിക്കിൾ 348 ഭേദഗതി ചെയ്യേണ്ടി വരും.ഇംഗ്ലീഷ് നമ്മുടെ മാതൃഭാഷയല്ലാത്തതു കൊണ്ടുതന്നെ ഈ വിഷയത്തിൽ ഗൗരവമായ ചർച്ചകൾ നടത്താനുണ്ട്. പുതിയ ഹൈബ്രിഡ് സംവിധാനം കോടതി മുന്നോട്ടു വെച്ചിട്ടുണ്ട്.ഇതിലൂടെ രാജ്യത്തെവിടെയുമുള്ള നിയമ വിദ്യാർത്ഥികൾക്കും അഭിഭാഷകർക്കും കോടതിയിൽ വെർച്വലി ഹാജരാനാകും.കൂട്ടത്തിൽ കോടതി നടപടികളുടെ ലൈവ് സ്ട്രീമിങ്ങും നടത്തും.നിയമനങ്ങളുടെ കാര്യത്തിൽ ന്യൂന പക്ഷങ്ങളുടെയും പട്ടിക ജാതി പട്ടിക വർഗ്ഗ സമൂഹത്തിന്റെയും സ്ത്രീകളുടെയും പ്രാതിനിധ്യം കൈക്കൊള്ളാൻ തീരുമാനിച്ചിട്ടുള്ളതായും ചീഫ് ജസ്റ്റിസ് പറഞ്ഞു.