കൊച്ചി : അന്തരിച്ച മലയാളികളുടെ പ്രിയപ്പെട്ട നടൻ ഇന്നസെന്‍റിന്‍റെ സംസ്കാരം ചൊവ്വാഴ്ച രാവിലെ 10 മണിക്ക് ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രല്‍ ദേവാലയത്തിൽ നടക്കും.മൃതദേഹം ഇന്ന് രാവിലെ 8 മണി മുതൽ 11 മണിവരെ എറണാകുളത്ത് കടവന്ത്ര രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിലും ഉച്ചക്ക് 1 മണി മുതൽ 3.30 വരെ ഇരിങ്ങാലക്കുട മുനിസിപ്പൽ ടൗൺ ഹാളിലും പൊതു ദർശനത്തിനു വെച്ചു. തുടർന്ന് സ്വവസതിയായ പാർപ്പിടത്തിലേക്ക് കൊണ്ടുപോയി.
നൃത്തശാല’ എന്ന ചിത്രത്തിലൂടെ 1972 – ൽ വെള്ളിത്തിരയിൽ എത്തിയ ഇന്നസെന്‍റ് ഹാസ്യനടനും സ്വഭാവനടനുമായി ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. സവിശേഷമായ ശരീരഭാഷയും തൃശൂർ ശൈലിയിലുള്ള സംഭാഷണവും ഇന്നസെന്റിന്റെ സവിശേഷതകളായി. ചലച്ചിത്ര അഭിനേതാക്കളുടെ സംഘടനയായ അമ്മയുടെ പ്രസിഡന്റ് കൂടിയായിരുന്ന ഇന്നസെന്റ് രാഷ്ട്രീയത്തിലും തിളങ്ങി . 2022 ൽ പുറത്തിറങ്ങിയ ‘മകൾ’, ‘കടുവ’ തുടങ്ങിയ മലയാള ചിത്രങ്ങളിലും ഫഹദ് ഫാസിൽ നായകനായ അഖിൽ സത്യൻ സംവിധാനം ചെയ്യുന്ന ‘പാച്ചുവും അത്ഭുതവിളക്കും’ എന്ന സിനിമയിലും അഭിനയിച്ച ഇന്നസെന്റ് 750 ഓളം ചിത്രങ്ങളിൽ വ്യത്യസ്തങ്ങളായ കഥാപാത്രങ്ങളിലൂടെ മലയാളികളുടെ സ്വന്തമായി.
കാൻസർ സംബന്ധിയായ ആരോഗ്യപ്രശ്നങ്ങൾ മൂലം ഗുരുതരാവസ്ഥയിലായിരുന്നു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നതിനിടെ രാത്രി 10.45നായിരുന്നു അന്ത്യം.