ജോലി കഴിഞ്ഞ് വീട്ടിലെത്തിയപ്പോൾ ഭക്ഷണമില്ല; പാചകം ചെയ്യാത്ത ഭാര്യയെ ഭർത്താവ് തല്ലിക്കൊന്നു

ഡൽഹിയിലെ ബൽസ്വായില്‍ ഭക്ഷണം പാചകം ചെയ്തു വെക്കാത്തതിനാൽ ഭാര്യയെ ഭർത്താവ് തല്ലിക്കൊന്നു. ജോലിക്ക് പോയി തിരിച്ചുവന്നപ്പോൾ കഴിക്കാൻ ഭക്ഷണം ഉണ്ടായിരുന്നില്ല. ഇതിനെ തുടർന്ന് 28കാരനായ യുവാവ് ഭാര്യയെ മർദ്ദിക്കുകയായിരുന്നു. മർദ്ദനത്തിൽ ഭാര്യ കൊല്ലപ്പെടുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.ഞായറാഴ്ച്ച രാത്രിയാണ് യുവതിക്ക് മർദ്ദനമേൽക്കുന്നത്. ബജ്റം​ഗി ​ഗുപ്ത എന്ന യുവാവ് ചായക്കട നടത്തുകയായിരുന്നു. വീട്ടിലേക്ക് ഭക്ഷണം കഴിക്കാനെത്തിയപ്പോൾ ഭാര്യ ഭക്ഷണം പാചകം ചെയ്തിരുന്നില്ല. കൂടാതെ ആറുമാസം പ്രായമുള്ള ഒരു കുഞ്ഞും യുവതിക്കുണ്ടായിരുന്നു. സംഭവത്തെ തുടർന്ന് ബജ്റം​ഗി ​ഗുപ്ത ഭാര്യയെ വടികൊണ്ട് മർദ്ദിച്ചു. മർദ്ദനത്തിൽ യുവതിക്ക് പരിക്കേൽക്കുകയായിരുന്നു. ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് യുവതി മരിക്കുന്നത്.മൂന്നുവർഷം മുമ്പാണ് ഇരുവരും വിവാഹിതരാവുന്നത്. ഭക്ഷണം പാചകം ചെയ്യാത്തതിലുള്ള ദേഷ്യത്തെ തുടർന്നുള്ള മർദ്ദനമാണ് മകളുടെ മരണത്തിന് കാരണമെന്ന് യുവതിയുടെ മാതാവ് പറഞ്ഞു. മർദ്ദനത്തെ തുടർന്നുള്ള ആന്തരിക പരിക്കുകളാണ് മരണത്തിന് കാരണമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നു. പൊലീസ് വീട്ടിലെത്തി പരിശോധിച്ചതിനെ തുടർന്ന് മർദ്ദിക്കാനുപയോ​ഗിച്ച വടി കണ്ടെടുത്തു. ബജ്റം​ഗി ​ഗുപ്തക്കെതിരെ കൊലക്കുറ്റത്തിന് കേസെടുത്തു.