ലോകായുക്ത വിധിയിൽ ഭിന്നാഭിപ്രായം, കേസ് മൂന്നംഗ ഫുൾ ബെഞ്ചിന് വിട്ടു

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി ഫണ്ട് ദുർവിനിയോഗം ചെയ്തെന്ന കേസിൽ ലോകായുക്തയിൽ ഭിന്നാഭിപ്രായം ഉണ്ടായതോടെ ഹർജി ഫുൾ ബെഞ്ചിന് വിട്ടു.ലോകായുക്ത ജസ്റ്റിസ് സിറിയക് ജോസഫും ജസ്റ്റിസ് ഹാറൂൺ ഉൽ റഷീദും അടങ്ങിയ ബെഞ്ചിൽ ഒരാൾ പരാതിയെ അനുകൂലിച്ചും രണ്ടാമൻ എതിർത്തും വിധിയെഴുതി.ഇതോടെ അന്തിമ വിധിക്കായി പരാതി മൂന്നംഗ ബെഞ്ചിന് വിടുകയായിരുന്നു.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി ദുര്‍വിനിയോഗം ചെയ്തതായി ആരോപിച്ച് മുഖ്യമന്ത്രി പിണറായി വിജയനും ഒന്നാം പിണറായി സർക്കാരിലെ 16 മന്ത്രിമാര്‍ക്കും അന്നത്തെ ചീഫ് സെക്രട്ടറിക്കുമെതിരെ 2018ൽ നല്‍കിയ ഹര്‍ജിയാണ് ലോകായുക്ത പരിഗണിച്ചത്.

എൻസിപി നേതാവായിരുന്ന ഉഴവൂർ വിജയൻ്റെ കുടുംബത്തിന് 25 ലക്ഷം, ചെങ്ങന്നൂർ എംഎൽഎ ആയിരുന്ന രാമചന്ദ്രൻ നായരുടെ മകന് അസിസ്റ്റന്റ് എഞ്ചിനീയർ ആയി ജോലിക്ക് പുറമെ എട്ടര ലക്ഷം, കോടിയേരി ബാലകൃഷ്ണന്‍റെ പൈലറ്റ് വാഹനം അപകടത്തിൽ പെട്ട്‌ മരിച്ച പോലിസുകാരന്റെ ഭാര്യക്ക് സർക്കാർ ആനുകൂല്യങ്ങൾക്ക് പുറമെ 20 ലക്ഷം രൂപയും അനുവദിച്ചതിനെതിരെയാണ് ഹർജി.

എന്തോ ചില സമ്മർദങ്ങൾ കോടതിയിലും ഉണ്ടാകുന്നുണ്ട്. മൂന്നംഗ ബഞ്ചിലേക്ക് പോകുമെന്ന് തോന്നിയിരുന്നു. ഇന്ന് അന്തിമവിധി ഉണ്ടാകുമെന്ന കാര്യത്തിൽ സംശയമുണ്ടായിരുന്നു. നിയമപോരാട്ടം തുടരും. ജഡ്ജിമാരെ ഭീഷണിപ്പെടുത്തി സമ്മർദ്ദത്തിൽ ആക്കുന്ന നയം നിലവിലുണ്ട്. ലാവലിൻ കേസ് നീട്ടിക്കൊണ്ടുപോകുന്നതുപോലെ ഇതും നീട്ടിക്കൊണ്ട് പോകാനാണ് ശ്രമമെന്നും ഇതിനെതിരെ സുപ്രീം കോടതി വരെ പോകാൻ താൻ തയ്യാറാണെന്നും ഹർജിക്കാരൻ ശശികുമാർ പറഞ്ഞു.