ബെംഗളൂരു ∙ പശുക്കടത്ത് ആരോപിച്ച് കന്നുകാലി വ്യാപാരിയെ മര്‍ദിച്ച് കൊലപ്പെടുത്തിയെന്ന് ആരോപണം. കര്‍ണാടക രാമനഗര ജില്ലയിലെ സാത്തനൂരിൽ ഇദ്രീസ് പാഷ ആണ് മരിച്ചത്. രേഖകള്‍ കാണിച്ചിട്ടും ഗോസംരക്ഷകര്‍ ആക്രമിച്ചെന്ന് ഇദ്രീസ് പാഷയുടെ കുടുംബം ആരോപിച്ചു. വിട്ടയയ്ക്കാന് രണ്ടു ലക്ഷം രൂപ മോചനദ്രവ്യം ആവശ്യപ്പെട്ടെന്നും കുടുംബം പറയുന്നു.
വെള്ളിയാഴ്ച വൈകിട്ട് സാത്തനൂരിലെ പ്രാദേശിക ചന്തയിൽനിന്ന് കന്നുകാലികളെ വാങ്ങി മടങ്ങുന്നതിനിടെ, തീവ്രഹിന്ദു സംഘടനാ പ്രവർത്തകൻ പുനീത് കേരെഹള്ളിയുടെ നേതൃത്വത്തിലുള്ള ഒരുസംഘം ഇദ്രീസ് പാഷയെ തടഞ്ഞുനിർത്തി ആക്രമിച്ചത്. കന്നുകാലി കടത്താണെന്ന് ആരോപിച്ചായിരുന്നു ആക്രമണം. രേഖകൾ കാണിച്ചെങ്കിലും വിട്ടയ്ക്കാൻ തയാറായില്ല. രണ്ടു ലക്ഷം രൂപ നൽകിയാൽ ഇദ്രീസ് പാഷയെ വിട്ടയയ്ക്കാമെന്ന് കുടുംബത്തെ അറിയിക്കുകയും ചെയ്തുശനിയാഴ്ച വൈകിട്ട് ഇദ്രീസ് പാഷയെ സാത്തനൂരിലെ റോഡരികിൽ മരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു. സംഭവത്തില്‍ പ്രതിഷേധിച്ച് കുടുംബവും നാട്ടുകാരും റോഡ് ഉപരോധിച്ചതോടെയാണ് പുനീത് കേരെഹള്ളി ഉൾപ്പെടെയുള്ളവർക്കെതിരെ കൊലപാതകം, കലാപമുണ്ടാക്കൽ തുടങ്ങിയ വകുപ്പുകൾ ചുമത്തി പൊലീസ് കേസെടുത്തത്.