കോഴിക്കോട്: കണ്ണൂർ എക്സ്പ്രസിൽ തീ കൊളുത്തിയ സംഭവത്തിൽ അക്രമിയുടേതെന്ന് സംശയിക്കുന്ന ബാഗ് ട്രാക്കിൽ നിന്ന് കണ്ടെത്തി. അക്രമിയുടേതെന്ന് സംശയിക്കുന്ന ബാഗിൽ നിന്ന് ഒരു കുപ്പി പെട്രോളും കുറിപ്പുകളും ചോറ്റുപാത്രവും കണ്ടെത്തി. ഇംഗ്ലീഷിലും ഹിന്ദിയിലും എഴുതിയ കുറിപ്പുകളും കണ്ടെത്തി.കണ്ടെത്തിയ വസ്തുക്കൾ ശാസ്ത്രീയ പരിശോധനയ്ക്ക് അയയ്ക്കും.
പെട്രോൾ നിറച്ച കുപ്പി, സ്ഥലപ്പേരുകളുടെ കുറിപ്പ്, ഭക്ഷണം അടങ്ങിയ ചോറ്റുപാത്രം, ഇയർഫോണും കവറും, പാക്കറ്റിലുള്ള ലഘുഭക്ഷണം, ഇംഗ്ലീഷിലുള്ള ദിനചര്യ കുറിപ്പ് ,ഇംഗ്ലീഷിലും ഹിന്ദിയിലും എഴുതിയ കുറിപ്പുകൾ എന്നിവയാണ് ബാഗിൽ നിന്ന് ലഭിച്ചത്.കേരളത്തെ ഞെട്ടിച്ചുകൊണ്ട് ഇന്നലെ രാത്രിയാണ് കണ്ണൂർ എക്സിക്യൂട്ടീവ് എക്സ്പ്രസ് ട്രെയിനില് അജ്ഞാതൻ യാത്രക്കാർക്ക് നേരെ ആക്രമണം നടത്തിയത്.അക്രമത്തിൽ മൂന്ന് പേർ മരിക്കുകയും ഒമ്പത് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. പരിക്കേറ്റവരിൽ നാല് പേരുടെ നില ഗുരുതരമാണ്.
രാത്രി ഒമ്പതരയോടെ കോഴിക്കോട് ഏലത്തൂരിൽ ഓടിക്കൊണ്ടിരുന്ന ആലപ്പുഴ-കണ്ണൂർ എക്സിക്യൂട്ടീവ് എക്സ്പ്രസ് ട്രെയിനിലാണ് തീയിട്ടത്. യാത്രക്കാർക്ക് നേരെ പെട്രോൾ ഒഴിച്ച ശേഷം അക്രമി തീയിടുകയായിരുന്നു.പുരുഷന്റേയും സ്ത്രീയുടെയും കുട്ടിയുടെയും മൃതദേഹങ്ങൾ കണ്ടെത്തിയത് ഏലത്തൂർ സ്റ്റേഷനും കോരപ്പുഴ പാലത്തിനുമിടയിലാണ്.ചുവപ്പ് ഷർട്ടും തോപ്പിയും ധരിച്ച അക്രമി ബൈക്കിൽ കയറിപ്പോകുന്ന നിർണായക ദൃശ്യങ്ങൾ പോലീസിന് ലഭിച്ചു.അക്രമി യുപി സ്വദേശിയാണെന്ന് സംശയിക്കുന്നതായി പോലീസ് വ്യക്തമാക്കി.