തിരുവനന്തപുരം: എലത്തൂർ ട്രെയിൻ തീവെപ്പുണ്ടായതിന് പിന്നാലെ ട്രാക്കിൽ മരിച്ച നിലയിൽ കണ്ടെത്തിയവരുടെ കുടുംബത്തിന് അഞ്ചുലക്ഷം രൂപയും പരിക്കേറ്റവർക്ക് സൗജന്യ ചികിത്സയും അനുവദിച്ച് സംസ്ഥാന മന്ത്രിസഭായോഗം. തീവയ്പ് കേസുമായി ബന്ധപ്പെട്ട വിവരങ്ങള്‍ മുഖ്യമന്ത്രി മന്ത്രി സഭായോഗത്തില്‍ വിശദീകരിച്ചു.
കേന്ദ്ര ഇന്റലിൻജസ് ഏജൻസി നൽകിയ വിവരത്തെത്തുടർന്ന് മഹാരാഷ്ട്ര എടിഎസും ആർപിഎഫും ചേർന്ന് നടത്തിയ സംയുക്തനീക്കത്തിൽ പ്രതി ഷാരൂഖ് സൈഫിയെ കസ്റ്റഡിയിലെടുത്തു.ട്രെയിനിൽ തീവെപ്പ് നടത്തിയ പ്രതിക്ക് മുഖത്ത് ഉൾപ്പടെ ഗുരുതരമായി പരിക്കേറ്റിരുന്നു. രത്നഗിരി ആശുപത്രിയിൽ പൊള്ളലിന് ചികിത്സ തേടിയെത്തിയ പ്രതി പോലീസിന്റെ നീക്കത്തിൽ സംശയം തോന്നിയതോടെ ചികിത്സ പൂർത്തിയാക്കാതെ അവിടെനിന്ന് കടന്നുകളയുകയായിരുന്നു.
പ്രതി മഹാരാഷ്ട്രയിലെ രത്നഗിരയിലെത്തിയിട്ടുണ്ടെന്ന വിവരം ലഭിച്ചതോടെ രത്നഗിരിയിൽ വ്യാപക പരിശോധന നടത്തുന്നതിനിടെ റെയിൽവേ സ്റ്റേഷനു സമീപത്തുനിന്ന് ഇന്നലെ രാത്രിയിൽ പ്രതിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.