കൊച്ചി: ചിന്നക്കനാല്‍ മേഖലയിൽ ഭീതി വിതയ്ക്കുന്ന അരിക്കൊമ്പൻ എന്ന കാട്ടാനയെ മയക്കുവെടിവെച്ച് പിടികൂടി പറമ്പിക്കുളത്തേയ്ക്ക് മാറ്റുന്നതിന് കർശന ഉപാധികളാണ് ഹൈക്കോടതി മുന്നോട്ടുവെച്ചത്. അരിക്കൊമ്പനെ പിടികൂടി പറമ്പിക്കുളത്തേക്ക് മാറ്റുന്ന സമയം ചീഫ് വെറ്റിനറി ഓഫീസറായ അരുണ്‍ സക്കറിയയ്ക്ക് തീരുമാനിക്കാം.അരിക്കൊമ്പനെ പിടികൂടുമ്പോള്‍ പടക്കം പൊട്ടിച്ചും സെല്‍ഫിയെടുത്തും ആഘോഷിക്കുന്നതും ഹൈക്കോടതി കർശനമായി വിലക്കി.
കാട്ടാനയുടെ പ്രശ്‌നം നേരിടുന്ന ജനവാസമേഖലകളില്‍ ദൗത്യ സംഘത്തെ നിയോഗിക്കാനും ഹൈക്കോടതി നിര്‍ദേശിച്ചു.അരിക്കൊമ്പന്‍ പ്രശ്‌നം പഠിക്കുന്നതിനായി നിയോഗിച്ച അഞ്ചംഗ വിദഗ്ധ സമിതി റിപ്പോര്‍ട്ടാണ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ഇന്ന് പരിഗണിച്ചത്.പറമ്പിക്കുളത്ത് അരിക്കൊമ്പന് കഴിയാനുള്ള ആവാസ വ്യവസ്ഥയാണുള്ളതെന്നും വെള്ളവും ഭക്ഷണവും പറമ്പിക്കുളത്ത് സുലഭമാണെന്നും അഞ്ചംഗ വിദഗ്ധ സമിതിയുടെ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നുണ്ട്.
മദപ്പാടുള്ള ആനയെ പറമ്പിക്കുളം വരെ എങ്ങനെ എത്തിക്കുമെന്ന് കോടതി ചോദിച്ചു. അരിക്കൊമ്പനെ മാറ്റുന്നതിന് ഇത് തടസ്സമല്ലെന്നും ജാഗ്രതയോടെയുള്ള നടപടികള്‍ സ്വീകരിച്ചാല്‍ മതിയെന്നും കോടതിയില്‍ നേരിട്ട് ഹാജരായ അരുണ്‍ സക്കറിയ ബോധിപ്പിച്ചു.നേരിട്ട് പോയി പഠിച്ചതിന്റെ അടിസ്ഥാനത്തില്‍ പറമ്പിക്കുളം മുതുവരച്ചാല്‍ ഒരു കൊമ്പന്‍ എന്ന സ്ഥലത്തേയ്ക്ക് അരിക്കൊമ്പനെ മാറ്റുന്നതാണ് ഉചിതമെന്ന് വിദഗ്ധ സമിതി ശുപാർശ ചെയ്തു.