തിരുവനന്തപുരം: തിരുവനന്തപുരത്ത് കെപിസിസി ആസ്ഥാനത്തിനു മുന്നിൽ മാധ്യമങ്ങളോട് പ്രതികരിച്ച കോൺഗ്രസ് നേതാവ് എകെ ആന്റണി മകൻ അനിൽ ആന്റണിയെ പൂർണമായും തള്ളിക്കളയുന്ന നിലപാടാണ് സ്വീകരിച്ചത്. ബിജെപിയിൽ ചേർന്ന മകന്റെ തീരുമാനം തെറ്റായെന്നും വേദനയുണ്ടാക്കിയെന്നും എകെ ആന്റണി പറഞ്ഞു.
രാജ്യത്തിന്റെ ആണിക്കല്ല് ബഹുസ്വരതയും മതേതരത്വവുമാണ്. എന്നാൽ 2019 ന് ശേഷം എല്ലാ മേഖലയിലും ബിജെപി ഏകത്വം അടിച്ചേൽപ്പിക്കുകയാണ്.മകന്റെ ബിജെപി പ്രവേശനം ആപത്കരമായ തീരുമാനമാണ്. അനിലുമായി ബന്ധപ്പെട്ട ഒരു ചർച്ചക്കും ഒരു ചോദ്യോത്തരത്തിനും ഇനിയില്ല.അവസാന ശ്വാസം വരെ ബിജെപിയുടെ വിനാശകരമായ നയത്തിനെതിരെ ശബ്ദം ഉയർത്തുമെന്നും വികാരാധീനനായ ആന്റണി പറഞ്ഞു.
“സ്വാതന്ത്ര്യസമരകാലം മുതല്‍ ജാതിയോ മതമോ ഭാഷയോ പ്രദേശമോ വര്‍ണമോ വര്‍ഗമോ നോക്കാതെ, എല്ലാ ഇന്ത്യക്കാരേയും ഒരുപോലെ കണ്ട ഒരു കുടുംബമാണ് നെഹ്‌റു കുടുംബം. ഇന്നും ഇന്ത്യന്‍ ഭരണഘടനയുടെ അടിസ്ഥാനമൂല്യം സംരക്ഷിക്കാന്‍ വേണ്ടി, വേട്ടയാടലുകള്‍ക്കിടയിലും നിര്‍ഭയമായ വിട്ടുവീഴ്ചയില്ലാതെ പോരാടുന്നവരാണ് ആ കുടുംബാംഗങ്ങള്‍. ഒരു കാലഘട്ടത്തില്‍ എന്നോടൊപ്പമുണ്ടായിരുന്ന ആളുകളെ ഏറ്റവും അധികം പ്രോത്സാഹിപ്പിച്ചത് ഇന്ദിര ഗാന്ധി ആയിരുന്നു. ഒരു ഘട്ടത്തില്‍ ഇന്ദിര ഗാന്ധിയുമായി അകന്നുപോയി. വീണ്ടും ഇന്ദിര ഗാന്ധിയുമായി യോജിച്ച്, ഇന്ദിര ഗാന്ധിയുടെ നേതൃത്വം അംഗീകരിച്ചുകൊണ്ട് കോണ്‍ഗ്രസില്‍ തിരിച്ചുവന്നതിന് ശേഷം ഇന്ദിര ഗാന്ധിയോടും ആ കുടുംബത്തോടും മുമ്പുണ്ടായിരുന്നതിനേക്കാള്‍ കൂടുതല്‍ ആദരവും സ്‌നേഹവും ഉണ്ടായിട്ടുണ്ട്. അത് മാത്രമല്ല, ഇന്ത്യന്‍ ഭരണഘടനയുടെ അടിസ്ഥാനമൂല്യം സംരക്ഷിക്കാന്‍ വേണ്ടി വിട്ടുവീഴ്ചയില്ലാതെ പോരാടുന്നതിന്റെ മുന്‍പന്തിയിലുള്ളത് ആ കുടുംബം തന്നെയാണ്. അതുകൊണ്ടുതന്നെ, എന്റെ കൂറ് എല്ലാക്കാലത്തും ആ കുടുംബത്തോടൊപ്പമായിരിക്കും.” കോണ്‍ഗ്രസ് നേതാക്കൾ ഒരു കുടുംബത്തിനായി പ്രവർത്തിക്കുമ്പോൾ ബിജെപി ഒരു രാജ്യത്തിന് വേണ്ടിയാണ് പ്രവർത്തിക്കുന്നതെന്ന അനിൽ ആന്റണിയുടെ പ്രസ്താവനയ്ക്ക് മറുപടിയായി ആന്റണി പറഞ്ഞു.