ഗൊരഖ്പുർ ∙ സംസ്ഥാനത്തെ ഗുണ്ടാസംഘങ്ങൾക്ക് മുന്നറിയിപ്പുമായി ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. പേടിച്ചുവിറച്ച ഗുണ്ടകൾ പാന്റിൽ മൂത്രമൊഴിച്ചെന്നാണു യോഗിയുടെ അവകാശവാദം. ഗുണ്ടാനേതാവ് ആതിഖ് അഹമ്മദിനു കോടതി ജീവപര്യന്തം ശിക്ഷ വിധിച്ചതിനു പിന്നാലെയാണു പരാമർശം.
‘‘കോടതി ശിക്ഷിച്ചതോടെ അവരുടെ നനഞ്ഞ പാന്റ് കൂടുതലായി കാണാനാകുന്നുണ്ട്. പേടിച്ചുവിറച്ച് പാന്റിൽത്തന്നെ മൂത്രമൊഴിച്ച ഗുണ്ടകളെ ജനത്തിനും കാണാം. സാധാരണക്കാരെ ഭീഷണിപ്പെടുത്തിയും വ്യവസായികളെ തട്ടിക്കൊണ്ടുപോയും പണം തട്ടിയെടുത്തിരുന്ന ഗുണ്ടാസംഘങ്ങളാണ് ഇവർ. നിയമങ്ങളെ ഒരിക്കലും ബഹുമാനിക്കാതിരുന്നവർ. ഇന്നവർ പേടിച്ചിരിക്കുന്നു, ജീവനും കയ്യിൽപിടിച്ച് ഓടുകയാണ്.’’– ഗൊരഖ്പുരിൽ ശീതളപാനീയ പ്ലാന്റിന്റെ ഭൂമിപൂജ നിർവഹിച്ചശേഷം യോഗി ആദിത്യനാഥ് പറഞ്ഞു.
2006ൽ ഉമേഷ് പാൽ എന്നയാളെ തട്ടിക്കൊണ്ടുപോയ കേസിൽ ഗുണ്ടാ-രാഷ്ട്രീയ നേതാവ് ആതിഖ് അഹമ്മദിനും മറ്റു രണ്ടു പേർക്കും കോടതി ജീവപര്യന്തം തടവുശിക്ഷ വിധിച്ച പശ്ചാത്തലത്തിലാണു മുഖ്യമന്ത്രിയുടെ പരാമർശം. നൂറിലേറെ കേസുകളുള്ള ആതിഖിന് എതിരായ ആദ്യ ശിക്ഷാവിധിയാണിത്.