മൊഹാലി: ഐപിഎല്ലില്‍ അവസാന ഓവര്‍ വരെ ആവേശം നിലനിർത്തിയ നീണ്ട മത്സരത്തില്‍ പഞ്ചാബ് കിങ്സിനെതിരേ ഗുജറാത്ത് ടൈറ്റന്‍സിന് ജയം.സീസണിലെ ഗുജറാത്തിന്റെ മൂന്നാം ജയമാണിത്.അര്‍ധ സെഞ്ചുറി നേടിയ ശുഭ്മാന്‍ ഗില്ലാണ് ഗുജറാത്തിനായി ഒരു സിക്സും ഏഴ് ഫോറുമടക്കം 67 റണ്‍സെടുത്തത്.19 പന്തില്‍ നിന്ന് 30 റണ്‍സെടുത്ത വൃദ്ധിമാന്‍ സാഹയും ഗുജറാത്തിനായി മികച്ച പ്രകടനം കാഴ്ചവെച്ചു.
നേരത്തെ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ പഞ്ചാബ് എട്ടുവിക്കറ്റ് നഷ്ടത്തില്‍ 153 റണ്‍സെടുത്തിരുന്നു. പഞ്ചാബിന്റെ തുടര്‍ച്ചയായ രണ്ടാം തോല്‍വിയാണിത്.24 പന്തില്‍ നിന്ന് ഒരു സിക്സും ആറ് ഫോറുമടക്കം 36 റണ്‍സെടുത്ത മാത്യു ഷോട്ടാണ് പഞ്ചാബിന്റെ ടോപ് സ്കോറര്‍.ഓപ്പണര്‍മാരായ പ്രഭ്സിമ്രാന് സിങ്ങും (0) ക്യാപ്റ്റന്‍ ശിഖര്‍ ധവാനും (8) നിരാശപ്പെടുത്തി.അവസാന ഓവറുകളില്‍ ഒമ്പത് പന്തില്‍ നിന്ന് 22 റണ്‍സെടുത്ത ഷാരൂഖ് ഖാന്റെ പ്രകടനമാണ് പഞ്ചാബിനെ 150 കടത്തിയത്.
പഞ്ചാബ് ഉയര്‍ത്തിയ 154 റണ്‍സ് വിജയലക്ഷ്യം ഒരു പന്ത് ബാക്കിനില്‍ക്കെയാണ് ഗുജറാത്ത് മറകടന്നത്. സാം കറന് എറിഞ്ഞ അവസാന ഓവറില്‍ ജയിക്കാന്‍ ഏഴു റണ്‍സ് വേണമെന്നിരിക്കേ ശുഭ്മാന്‍ ഗില്ലിനെ നഷ്ടമായെങ്കിലും അഞ്ചാം പന്തില്‍ ബൗണ്ടറി നേടി രാഹുല്‍ തെവാത്തിയ ഗുജറാത്തിനെ വിജയത്തിലെത്തിച്ചു.മില്ലര്‍ 18 പന്തില്‍ നിന്ന് 17 റണ്‍സുമായി പുറത്താകാതെ ഗില്ലിനോടൊപ്പം ഗുജറാത്തിനെ മുന്നോട്ടുനയിച്ചു.