ബാംഗ്ളൂർ : കർണാടകയിൽ നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ബിജെപി യുടെ മുതിർന്ന നേതാവ് ജഗദീഷ് ഷെട്ടാർ ബിജെപി വിട്ട് കോൺഗ്രസിൽ ചേർന്നു.കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗെയുടെ സാന്നിധ്യത്തിൽ കെപിസിസി ആസ്ഥാനത്ത് നടന്ന ചടങ്ങിലാണ് ജഗദീഷ് ഷെട്ടാർ കോൺഗ്രസ് അംഗത്വം സ്വീകരിച്ചത്.
ഒരു തവണ കൂടി നിയമസഭ തിരഞ്ഞെടുപ്പില്‍ മത്സരിക്കണമെന്ന തന്റെ ആഗ്രഹത്തിന് BJP പച്ചക്കൊടി കാട്ടാത്ത സാഹചര്യത്തിലാണ് ഈ കൂടുമാറ്റം. ബിജെപി ടിക്കറ്റ് നിഷേധിച്ചതിലൂടെ തന്നെ അപമാനിച്ചെന്നും ഭരണകക്ഷിയിൽ തനിക്കെതിരെ ആസൂത്രിതമായ ഗൂഢാലോചന നടക്കുന്നുണ്ടെന്നും അദ്ദേഹം ആരോപിച്ചു.
“ഒരു മുതിർന്ന നേതാവെന്ന സാഹചര്യത്തില്‍ ടിക്കറ്റ് ലഭിക്കുമെന്ന് കരുതി. പക്ഷേ സീറ്റ് നിഷേധിച്ചത് ഏറെ ഞെട്ടിച്ചു. ഈ വിഷയത്തില്‍ ആരും എന്നോട് സംസാരിക്കുകയോ എന്നെ ബോധ്യപ്പെടുത്താൻ ശ്രമിക്കുകയോ ചെയ്തില്ല, എന്താണെന്ന് പാര്‍ട്ടിയുടെ പദ്ധതി എന്ന കാര്യത്തില്‍ ഒരു ഉറപ്പും നല്‍കിയില്ല, പിടിവാശികൾ ഉള്ള ആളല്ല ഞാൻ , എന്നാൽ പാർട്ടി അപമാനിച്ചതാണ് വേദനയുണ്ടാക്കിയത്” ജഗദീഷ് ഷെട്ടാർ പറഞ്ഞു.
ഞാൻ പടുത്തുയർത്തിയ പാർട്ടിയിൽ നിന്നും എന്നെ ബലമായി പുറത്താക്കുകയായിരുന്നു, കോൺഗ്രസിന്റെ ആശയങ്ങളെയും തത്വങ്ങളെയും ഉൾക്കൊണ്ടുകൊണ്ട് തന്നെയാണ് പാർട്ടിയിൽ ചേരുന്നതെന്ന് കോൺഗ്രസ് പ്രവേശനത്തിന് ശേഷം ജഗദീഷ് ഷെട്ടാർ പ്രതികരിച്ചു.ലിംഗായത്ത് വിഭാഗത്തിലെ പ്രബലനായ നേതാവാണ് ജഗദീഷ് ഷെട്ടാർ.6 തവണ ഹുബ്ബള്ളി-ധാർവാഡ് സെൻട്രൽ എംഎൽഎയായിരുന്നു.
കോൺഗ്രസ് ജനറൽ സെക്രട്ടറി രൺദീപ് സിംഗ് സർജ്ജേവാല, കോൺഗ്രസ് കർണാടക അധ്യക്ഷൻ ഡികെ ശിവകുമാർ, മുൻമുഖ്യമന്ത്രി സിദ്ധരാമയ്യ തുടങ്ങിയവരുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് ഷെട്ടാറിന്റെ കോൺഗ്രസ് പ്രവേശനം.ഹുബ്ബള്ളി- ധാർവാഡ് മണ്ഡലത്തിൽ നിന്ന് തന്നെ കോൺഗ്രസ് ടിക്കറ്റിൽ ഷെട്ടാർ മത്സരിച്ചേക്കും.ഈ മണ്ഡലത്തിൽ ബിജെപി ഇതുവരെ സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചിട്ടില്ല. മെയ് പത്താം തിയതിയാണ് കർണാടകയിൽ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്നത്.