കർണാടകയിൽ കോൺഗ്രസിന് 131 സീറ്റുകൾ വരെ ലഭിച്ചേക്കുമെന്ന് പ്രീ പോൾ സർവേ

ബെംഗളൂരു: നിയമസഭയിലേക്ക് തെരഞ്ഞടുപ്പ് നടക്കാൻ പോകുന്ന കർണാടകയിൽ 131 സീറ്റുവരെ നേടി കോൺഗ്രസ് സംസ്ഥാനത്ത് അധികാരത്തിലെത്തുമെന്ന് 65,000ലധികം പേർ പങ്കെടുത്ത സർവേ അടിസ്ഥാനമാക്കി ലോക് പോൾ പറയുന്നു.ലോക് പോൾ സർവേ പ്രവചന പ്രകാരം 66 മുതൽ 69 സീറ്റുകൾ വരെയെ ഭരണകക്ഷിയായ ബിജെപിയ്ക്ക് ഇത്തവണ കർണാടകയിൽ ലഭിക്കുകയുള്ളൂ.

മുൻ മുഖ്യമന്ത്രി ഉൾപ്പെടെയുള്ള ബിജെപി നേതാക്കൾ പാർട്ടി വിട്ട് കോൺഗ്രസിലേക്ക് എത്തിയ സാഹചര്യത്തിലാണ് പ്രീ പോൾ സർവേകൾ കോൺഗ്രസിന് സാധ്യതകൾ പ്രവചിക്കുന്നത്.

2018 ൽ കർണാടകയിൽ നിയമസഭ തെരഞ്ഞെടുപ്പിൽ ആർക്കും ഭൂരിപക്ഷം ലഭിച്ചിരുന്നില്ല. 104 സീറ്റുമായി ബിജെപി ഏറ്റവും വലിയ ഒറ്റക്കക്ഷിയായി. കോൺഗ്രസ്‌– ജെഡിഎസ്‌ സഖ്യത്തിന് ഭൂരിപക്ഷമുണ്ടായിട്ടും ഗവർണറെ ഉപയോഗിച്ച്‌ ബിജെപി സർക്കാർ രൂപീകരിച്ചു. ബി എസ്‌ യെദ്യൂരപ്പ മുഖ്യമന്ത്രിയായി. യെദ്യൂരപ്പയുടെ നേതൃത്വത്തിൽ അധികാരത്തിൽ വന്ന സർക്കാരിന് ഭൂരിപക്ഷം തെളിയിക്കാൻ ഗവർണർ 15 ദിവസം സമയം നൽകിയതിനെ കോൺഗ്രസും- ജെഡിഎസും സുപ്രീംകോടതിയിൽ ചോദ്യം ചെയ്‌തതോടെ സമയം മൂന്നു ദിവസമാക്കി കുറച്ചു.

വിശ്വാസവോട്ടിന്‌ നിമിഷങ്ങൾ മാത്രം ബാക്കി നിൽക്കെ ഭൂരിപക്ഷം തെളിയിക്കാൻ കഴിയാതെ യെദ്യൂരപ്പ രാജിവച്ചു.ജനതാദൾ നേതാവ് എച്ച്‌ ഡി കുമാരസ്വാമിയായിയുടെ നേതൃത്വത്തിൽ കോൺഗ്രസ്‌ – ജെഡിഎസ്‌ സഖ്യത്തിന്‍റെ സർക്കാർ സംസ്ഥാനത്ത് അധികാരമേറ്റു.ഓപ്പറേഷൻ താമര എന്ന കുതിര കച്ചവടത്തിലൂടെ കോൺഗ്രസിലെ 14ലും ജെഡിഎസിലെ മൂന്നും എംഎൽഎമാരെ ബിജെപി തങ്ങളുടെ പാളയത്തിലേക്ക് എത്തിച്ചു. 2019 ജൂലൈയിൽ നടന്ന വിശ്വാസവോട്ടെടുപ്പിൽ ഭൂരിപക്ഷം നഷ്ടമായ കുമാരസ്വാമി സർക്കാർ വീണു. വീണ്ടും യെദ്യൂരപ്പ കർണാടക മുഖ്യമന്ത്രിയായി.

കമ്മിഷൻ ആരോപണവും എംഎൽഎയുടെ കൈക്കൂലിക്കേസും തുടങ്ങിയ അഴിമതി ആരോപണങ്ങളാണ് വീണ്ടും തെരഞ്ഞെടുപ്പിനെ നേരിടുന്ന ബിജെപിയ്ക്ക് തലവേദനയാകുന്നത്.