തിരുവനന്തപുരം: വന്ദേഭാരത് ട്രെയിന്റെ ടിക്കറ്റ് ബുക്കിങ് ആരംഭിച്ചു. ഐആര്‍സിടിസി വെബ്സൈറ്റ് , ആപ്പ് എന്നിവ വഴിയും സ്റ്റേഷനുകളിലെ റിസർവേഷൻ കൗണ്ടറുകൾ വഴിയും ടിക്കറ്റുകൾ ബുക്ക് ചെയ്യാം.തിരുവനന്തപുരത്തു നിന്നും രാവിലെ 5.20ന് പുറപ്പെടുന്ന വന്ദേഭാരത് എക്സ്പ്രസ് ഉച്ചയ്ക്ക് 1.25ന് കാസർകോട് എത്തും. ഉച്ചയ്ക്ക് 2.30ന് കാസർകോട് നിന്ന് ആരംഭിക്കുന്ന മടക്ക യാത്ര രാത്രി 10.35ന് തലസ്ഥാനത്ത് തിരിച്ച് എത്തും.
എട്ട് മണിക്കൂർ അഞ്ച് മിനിറ്റാണ് തിരുവനന്തപുരം- കാസർകോട് റണ്ണിങ് ടൈം. വ്യാഴാഴ്ചകളിൽ വന്ദേഭാരത് സർവീസ് ഉണ്ടായിരിക്കില്ല. തിരുവനന്തപുരം കാസർകോട് യാത്രയ്ക്ക് ചെയർകാറിൽ 1,590 രൂപയും എക്സിക്യുട്ടീവ് ക്ലാസിൽ 2,880 രൂപയുമാണ് നിരക്ക്. തിരുവന്തപുരത്ത് നിന്ന് കൊല്ലത്തേക്ക് ചെയർ കാറിൽ 435 രൂപയും എക്സിക്യൂട്ടൂവിന് 820 രൂപയും കോട്ടയത്തേക്ക് ചെയർ കാറിൽ 555 രൂപയും എക്സിക്യൂട്ടൂവിന് 1075 രൂപയും, എറണാകുളം നോർത്ത് 765, 1420, തൃശൂർ 880, 1650, ഷൊർണൂർ 950, 1755, കോഴിക്കോട് 1090, 2060, കണ്ണൂർ 1260, 2415 രൂപയുമാണ് നിരക്ക്.
ഈ മാസം 25 ചൊവ്വാഴ്ച വന്ദേ ഭാരത് എക്സ്പ്രസിന് തിരുവനന്തപുരത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി പച്ചക്കൊടി വീശും. വികെ ശ്രീകണ്ഠൻ എംപിയുടെ പ്രതിഷേധത്തിനൊടുവിൽ ഷൊർണ്ണൂരിൽ ട്രെയിനിന് സ്റ്റോപ്പ് അനുവദിച്ചിട്ടുണ്ട്.മലപ്പുറത്ത് വന്ദേഭാരതിന് സ്റ്റോപ്പ് അനുവദിക്കണമെന്ന് കെടി ജലീൽ എംഎൽഎ ആവശ്യപ്പെട്ടു.