ഇരുചക്ര വാഹനങ്ങളിൽ രക്ഷിതാക്കളോടൊപ്പം കുട്ടിയും,കേന്ദ്രത്തോട് നിയമഭേദഗതി തേടി ഗതാഗത വകുപ്പ്

തിരുവനന്തപുരം: ഇരുചക്ര വാഹനങ്ങളിൽ രണ്ട് പേർക്ക് പുറമെ കുട്ടിയെയും ഇരുത്തിയാൽ ഈടാക്കുന്ന പിഴ ഒഴിവാക്കാൻ മോട്ടോർ വാഹന നിയമ ഭേദഗതിയ്ക്ക് കേന്ദ്രസർക്കാരിനോട് ആവശ്യപ്പെടുന്ന കാര്യം പരിഗണിക്കുമെന്ന് ഗതാഗത മന്ത്രി ആൻറണി രാജു പറഞ്ഞു. ഇരുചക്ര വാഹനത്തിൽ രണ്ട് പേർക്കൊപ്പം കുട്ടിയും ഉണ്ടായാൽ എ ഐ ക്യാമറകൾ പിഴ ഈടാക്കുന്നതിനെതിരെ വ്യാപക വിമർശനം ഉയർന്നിരുന്നു.

ഇരുചക്ര വാഹനത്തിൽ രണ്ട് പേർക്ക് മാത്രമേ യാത്ര ചെയ്യാനാകൂ എന്നതാണ് കേന്ദ്ര മോട്ടോർ വാഹന നിയമത്തിലെ നിലവിലെ വ്യവസ്ഥ.സംസ്ഥാനത്ത് സാധാരണ വാഹന പരിശോധനയിലും മറ്റും കുട്ടികളുടെ കാര്യത്തിൽ പോലീസ് ഈ വ്യവസ്ഥ കർശനമാക്കിയിരുന്നില്ല. ഇരുചക്ര വാഹനങ്ങൾ വ്യാപകമായി ഉപയോഗിക്കുന്ന സംസ്ഥാനമാണ് കേരളം. എ ഐ ക്യാമറകൾ സ്ഥാപിക്കപ്പെട്ടതോടെയാണ് ഇരുചക്ര വാഹനത്തിൽ കുട്ടി ഉൾപ്പെടെ മൂന്ന് പേർ യാത്ര ചെയ്താൽ പിഴ ഈടാക്കുന്ന സാഹചര്യം വന്നത്.

ഈ വ്യവസ്ഥയിൽ ഏതെങ്കിലും തരത്തിലുള്ള ഇളവ് വരുത്താൻ കേന്ദ്രസർക്കാരിന് മാത്രമേ സാധിക്കൂ. മെയ് 10ന് നടക്കുന്ന ഉദ്യോഗസ്ഥ യോഗത്തിൽ ഇക്കാര്യം ചർച്ച ചെയ്യും.പല വീടുകളും അണുകുടുംബങ്ങളാണെന്നും സാമ്പത്തിക ബുദ്ധിമുട്ടുകളെ തുടർന്നാണ് പല കുടുംബങ്ങളും ഇരുചക്ര വാഹനത്തെ ആശ്രയിക്കുന്നതെന്നും അതുകൊണ്ട് സ്വന്തം കുട്ടിയുമായി ഇരുചക്ര വാഹനത്തിൽ യാത്ര ചെയ്യുന്ന മാതാപിതാക്കളിൽ നിന്ന് നിയമലംഘനത്തിന് പിഴ ഈടാക്കരുതെന്നും ടൂ വീലർ യൂസേഴ്സ് അസോസിയേഷൻ സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടിരുന്നു.