ഒറ്റപ്പാലം: വളാഞ്ചേരി പോലീസ് സ്റ്റേഷനിലെ എഎസ്ഐ മലപ്പുറം തവനൂർ സ്വദേശിനി ആര്യശ്രീയെ രണ്ടുപേരിൽ നിന്നും സ്വർണവും പണവും വാങ്ങി കബളിപ്പിച്ചെന്ന കേസിൽ ഒറ്റപ്പാലം പോലീസ് അറസ്റ്റ് ചെയ്തു. ഒരു വർഷത്തിനകം സ്വർണവും 3 ലക്ഷം രൂപ ലാഭവും നൽകാമെന്നു വാഗ്ദാനം നൽകി തൃശൂർ പഴയന്നൂർ സ്വദേശിനിയിൽ നിന്നും 93 പവൻ സ്വർണവും ഒന്നര ലക്ഷം രൂപയും ഒറ്റപ്പാലം സ്വദേശിയിൽ നിന്നും ഏഴര ലക്ഷം രൂപയും വാങ്ങി തിരികെ നൽകാതെ കബളിപ്പിച്ചെന്നാണ് കേസ്.
2017 ൽ പഴയന്നൂർ സ്വദേശിനിയിൽ നിന്നും സ്വർണം കൈക്കലാക്കിയതിനു ശേഷം വീണ്ടും 3 ഘട്ടങ്ങളിലായി ഇവരിൽനിന്നും ഒന്നര ലക്ഷം രൂപ വാങ്ങിയെന്നും പോലീസ് പറയുന്നു. സഹപാഠികളായ ആര്യശ്രീയും പഴയന്നൂർ സ്വദേശിനിയും ഒറ്റപ്പാലത്ത് വച്ചായിരുന്നു ഇടപാടുകൾ നടത്തിയിരുന്നത്. പറഞ്ഞ സമയം കഴിഞ്ഞിട്ടും സ്വർണവും പണവും തിരികെ ലഭിക്കാതിരുന്നതോടെയാണ് പഴയന്നൂർ സ്വദേശിനി പോലീസിൽ പരാതി നൽകിയത്.
ബിസിനസ് തുടങ്ങാനെന്നു പറഞ്ഞു ആര്യശ്രീ 2 വർഷം മുൻപ് ഒറ്റപ്പാലം സ്വദേശിയിൽനിന്നും ഏഴര ലക്ഷം രൂപ കൈക്കലാക്കി.ഇരുവരുടെയും പരാതികളിൽ അറസ്റ്റിലായ ആര്യശ്രീയെ അന്വേഷണ വിധേയമായി മലപ്പുറം ജില്ലാ പോലീസ് മേധാവി സസ്പെൻഡ് ചെയ്തതായി പോലീസ് അറിയിച്ചു. കോടതിയിൽ ഹാജരാക്കിയ ആര്യശ്രീയെ റിമാൻഡ് ചെയ്തു.