ന്യൂഡൽഹി∙ ഡൽഹി മെട്രോയിൽ യുവാവ് പരസ്യമായി സ്വയംഭോഗം ചെയ്യുന്ന വിഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതിനു പിന്നാലെ, ഡൽഹി പൊലീസിന് നോട്ടിസ് അയച്ച് ഡൽഹി വനിതാ കമ്മിഷൻ അധ്യക്ഷ സ്വാതി മലിവാൾ. സംഭവം അതീവ ഗുരുതരമായ വിഷയമാണെന്ന് വനിതാ കമ്മിഷൻ അധ്യക്ഷ നോട്ടിസിൽ ചൂണ്ടിക്കാട്ടി. ഇയാൾക്കെതിരെ കേസെടുക്കാൻ ആവശ്യപ്പെട്ട സ്വാതി, എഫ്ഐആറിന്റെ പകർപ്പും സ്വീകരിച്ച നടപടികളുടെ വിശദാംശങ്ങളും മേയ് ഒന്നിനകം അറിയിക്കാനും ഡൽഹി പൊലീസിനു നിർദ്ദേശം നൽകി.
ഡൽഹി മെട്രോയിൽ യാത്ര ചെയ്യുന്ന യുവാവ്, മൊബൈൽ ഫോണിൽ വിഡിയോ കണ്ടുകൊണ്ട് സ്വയംഭോഗം ചെയ്യുന്ന വിഡിയോയാണ് സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചത്. ഇത് ശ്രദ്ധയിൽപ്പെട്ടതോടെ സഹയാത്രികരിൽ പലരും ഇയാളുടെ അടുത്തുനിന്ന് എഴുന്നേറ്റു പോകുന്നത് വിഡിയോയിൽ കാണാം. സംഭവത്തിൽ കേസ് റജിസ്റ്റർ ചെയ്തതായി ഡപ്യൂട്ടി പൊലിസ് കമ്മിഷണർ ദേവേഷ് കുമാർ മഹ്ല അറിയിച്ചു. ഐപിസി 294–ാം വകുപ്പ് പ്രകാരം റജിസ്റ്റർ ചെയ്ത കേസിൽ അന്വേഷണം പുരോഗമിക്കുകയാണെന്നും കമ്മിഷണർ വ്യക്തമാക്കി.ഒരു വൈറൽ വിഡിയോയിൽ, ഡൽഹി മെട്രോയിൽ യാതൊരു ലജ്ജയുമില്ലാതെ ഒരു പുരുഷൻ സ്വയംഭോഗം ചെയ്യുന്നത് കണ്ടു. ഇത് അസഹനീയവും അറപ്പുളവാക്കുന്നതുമാണ്. ഇക്കാര്യത്തിൽ കുറ്റക്കാരനായ വ്യക്തിയെ എത്രയും വേഗം അറസ്റ്റ് ചെയ്യുകയും കടുത്ത നടപടി സ്വീകരിക്കുകയും വേണം. ഡൽഹി മെട്രോയിൽ ഇതുപോലുള്ള പ്രവൃത്തികൾ വളരെയധികം വർധിച്ചിട്ടുണ്ട്. അതുകൊണ്ട് ഇത്തരക്കാരെ മാതൃകാപരമായി ശിക്ഷിച്ചേ തീരൂ. അങ്ങനെ മെട്രോയിൽ സ്ത്രീകളുടെ സുരക്ഷ ഉറപ്പുവരുത്തണം’ – സ്വാതി മലിവാൾ ആവശ്യപ്പെട്ടു.
അതേസമയം, വിഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതിനു പിന്നാലെ വിഷയത്തിൽ പ്രതികരണവുമായി ഡൽഹി മെട്രോ അധികൃതർ രംഗത്തെത്തിയിരുന്നു. യാത്രക്കാർ ഉത്തരവാദിത്തത്തോടെ പെരുമാറണമെന്ന് അധികൃതർ ആവശ്യപ്പെട്ടു. ഇത്തരം പ്രവൃത്തികൾ ശ്രദ്ധയിൽപ്പെട്ടാൽ സ്റ്റേഷനും കോറിഡോറും സമയവും ഉൾപ്പെടെയുള്ള വിശദാംശങ്ങൾ സഹിതം ഡൽഹി മെട്രോയുടെ ഹെൽപ്ലൈനിൽ അറിയിക്കാനും അധികൃതർ നിർദ്ദേശിച്ചു.