പാരീസ്: ലോകത്തിലെ ഏറ്റവും കാഠിന്യമേറിയ മല്‍സരങ്ങളിലൊന്നായ ഗോൾഡന്‍ ഗ്ലോബ് റേസിൽ ചരിത്രം കുറിച്ച് മലയാളി നാവികൻ അഭിലാഷ് ടോമി. ഗോൾഡൻ ഗ്ലോബ് ഫിനിഷ് ചെയ്യുന്ന ആദ്യ ഏഷ്യാക്കാരനാണ് അഭിലാഷ് ടോമി. ലോകത്തെ ഏറ്റവും പ്രധാനപ്പെട്ട ഗോൾഡൻ ഗ്ലോബ് റേസിൽ അഭിലാഷ് ടോമി രണ്ടാം സ്ഥാനത്ത് ഫിനിഷ് ചെയ്ത .ഈ നേട്ടം കൈവരിക്കുന്ന ആദ്യ മലയാളിയും ആദ്യത്തെ ഇന്ത്യാക്കാരനും ആദ്യത്തെ ഏഷ്യാക്കാരനുമാണ്.
.ബയാനത്ത് എന്ന പായ്‌വഞ്ചിയിൽ അഭിലാഷ് ടോമിക്ക് 236 ദിവസവും 14 മണിക്കൂറും 46 മിനിറ്റുമാണ് ഗോൾഡൻ ഗ്ലോബ് റേസ് ഫിനിഷ് ചെയ്യാൻ വേണ്ടിവന്നത്. 2022 സെപ്റ്റംബറിൽ പടിഞ്ഞാറൻ ഫ്രഞ്ച് തുറമുഖമായ ലെ സാബ്‌ലെ ദെലോനിൽ നിന്നാരംഭിച്ച ഗോൾഡൻ ഗ്ലോബ് റേസ് യാത്ര അവസാനിക്കുമ്പോൾ അഭിലാഷ് ടോമി 48,000 കിലോമീറ്ററാണ് അഭിലാഷ് ടോമി താണ്ടിയത് സെപ്റ്റംബറില്‍ തുടങ്ങിയ ഗോൾഡന്‍ ഗ്ലോബ് റേസില്‍ പതിനാറ് താരങ്ങൾ മല്‍സരിക്കാനിറങ്ങിയിരുന്നു. എന്നാൽ മത്സരം അവസാനിക്കാറായപ്പോൾ അഭിലാഷ് ടോമിയടക്കം മൂന്ന് പേർ മാത്രമാണ് അവശേഷിച്ചത്.
ഇന്നത്തെ ആധുനിക സംവിധാനങ്ങളുടെയൊന്നും പിൻബലമില്ലാതെ 1968ല്‍ നിലവിലുണ്ടായിരുന്ന ആശയ വിനിമയ സങ്കേതങ്ങളുപയോഗിച്ച് ഒറ്റയ്ക്ക് പായ്‌വഞ്ചിയില്‍ ലോകം ചുറ്റിവരുന്നതാണ് ഗോൾഡന്‍ ഗ്ലോബ് റേസ് മത്സരം. ദക്ഷിണാഫ്രിക്കന്‍ വനിത കിര്‍സ്റ്റൻ ന്യൂഷാഫറാണ് ഇത്തവണത്തെ ഗോൾഡന്‍ ഗ്ലോബ് റേസിനു അർഹയായത്. ഗോൾഡൻ ഗ്ലോബ് റേസിന്റെ ചരിത്രത്തിലാദ്യമായാണ് ഒരു വനിത കിരീടം നേടിയത്.കഴിഞ്ഞയാഴ്ച അഭിലാഷ് ടോമി ലീഡെടുത്ത് മുന്നിലെത്തിയെങ്കിലും തൊട്ടടുത്ത ദിവസം തന്നെ കിര്‍സ്റ്റന്‍ ന്യൂഷാഫർ ലീഡ് തിരിച്ച് പിടിച്ചു.എട്ട് മാസത്തോളം നീണ്ട പോരാട്ടത്തിനൊടുവിലാണ് ഇരുവരും ചരിത്രത്തിലെ സുവർണ നേട്ടം കരസ്ഥമാക്കിയത്.