ന്യൂഡൽഹി: ഗുസ്തി താരങ്ങൾ ഉന്നയിച്ച ലൈംഗികാരോപണങ്ങളിൽ സുപ്രീം കോടതിയുടെ ഇടപെടലിനെത്തുടർന്ന് ഗുസ്തി ഫെഡറേഷൻ ഓഫ് ഇന്ത്യ അധ്യക്ഷൻ ബ്രിജ് ഭൂഷൻ ശരൺ സിങ്ങിനെതിരെ കേസെടുത്തു ഡൽഹി പോലീസ്. ബ്രിജ് ഭൂഷനെതിരെ താരങ്ങൾ ഉന്നയിച്ച പരാതി ഗൗരവമുള്ളതെന്നും വിഷയത്തിൽ മറുപടി നൽകണമെന്നും ഡൽഹി പോലീസിനോട് സുപ്രീം കോടതി ആവശ്യപ്പെട്ടിരുന്നു.
ഈ സാഹചര്യത്തിൽ രണ്ട് കേസുകളാണ് ഡൽഹി പോലീസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ജന്തർ മന്തറിൽ ബജ്രംഗ് പൂനിയ, സാക്ഷി മാലിക്, വിനേഷ് ഫോഗാട്ട് തുടങ്ങിയ താരങ്ങളുടെ നേതൃത്വത്തിൽ സമരം തുടരുകയാണ്. പ്രായപൂർത്തിയാകാത്ത താരത്തിനെ ലൈംഗികമായി അധിക്ഷേപിച്ചു എന്ന പരാതിയിൽ പോക്സോ നിയമപ്രകാരം എടുത്തിരിക്കുന്ന കേസിൽ . ബ്രിജ് ഭൂഷണ് ജാമ്യം ലഭിക്കില്ല.
“ജുഡീഷ്യറിയുടെ തീരുമാനത്തിൽ ഞാൻ സന്തുഷ്ടനാണ്. ഡൽഹി പോലീസ് ആരോപണങ്ങൾ അന്വേഷിക്കും, സാധ്യമായ എല്ലാ വിധത്തിലും അവരുമായി സഹകരിക്കാൻ ഞാൻ തയ്യാറാണ്. ഈ രാജ്യത്ത് ജുഡീഷ്യറിയെക്കാൾ വലുത് ആരുമില്ല. എഫ്ഐആർ ഫയൽ ചെയ്യുന്നതിൽ എതിർപ്പില്ലെന്ന് സർക്കാർ നേരത്തെ അറിയിച്ചിരുന്നു. ഉത്തരവിനെ സ്വാഗതം ചെയ്യുന്നു,” തനിക്കെതിരായ ലൈംഗികാരോപണങ്ങളിൽ പോലീസ് കേസ് ഫയൽ ചെയ്യാനുള്ള സുപ്രീം കോടതി ഉത്തരവിനെ ബിജെപി എംപി കൂടിയായ ബ്രിജ് ഭൂഷൻ സിങ് സ്വാഗതം ചെയ്തു.
ഏപ്രിൽ 21നാണ് പ്രായപൂർത്തിയാകാത്ത പെൺകുട്ടി ഉൾപ്പെടെ 7 പെൺകുട്ടികൾ ബ്രിജ് ഭൂഷൻ ശരൺ സിങ്ങിനെതിരെ ഡൽഹി പോലീസിൽ പരാതി നൽകിയത്. കൊണാട്ട് പ്ലേസ് പോലീസ് സ്റ്റേഷനിൽ നൽകിയ പരാതിയിൽ പോലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്യാൻ തയ്യാറാകാത്തതിനാലാണ് ഒളിംപിക്സ് മെഡൽ ജേതാക്കൾ ഉൾപ്പെടെയുള്ള താരങ്ങളുടെ നേതൃത്വത്തിൽ ജന്തർ മന്തറിൽ പ്രതിഷേധം ആരംഭിച്ചത്.
പരാതി നൽകിയ പ്രായപൂർത്തിയാകാത്ത താരത്തിനു സുരക്ഷ നൽകണമെന്നും ഏതുവിധത്തിലാണ് താരത്തിനു ഭീഷണിയെന്ന് വിലയിരുത്തണമെന്നും കോടതി നിർദേശിച്ചു