റേഷൻ കടകൾ തുറന്നു, ഏപ്രിൽ മാസത്തെ റേഷൻ വിതരണം മെയ് അഞ്ചു വരെയുണ്ട്

തിരുവനന്തപുരം: സെർവറിലെ തകരാർ പരിഹരിച്ചതോടെ സംസ്ഥാനത്തെ റേഷൻ കടകൾ ഇന്ന് മുതൽ തുറന്ന് പ്രവർത്തിക്കും. മൂന്ന് ദിവസത്തിന് ശേഷം ഇന്ന് മുതലാണ് ഇ – പോസ് സംവിധാനം മുഖേനെയുള്ള റേഷൻ വിതരണം ആരംഭിച്ചത്.

റേഷൻ വിതരണത്തിൽ സാങ്കേതിക പ്രശ്നം നേരിട്ടതിനാൽ വരും ദിവസങ്ങളിൽ ഇടപാട് സൂക്ഷമമായി വീക്ഷിക്കും. ഏതെങ്കിലും തരത്തിലുള്ള പ്രശ്നങ്ങളുണ്ടായാൽ നേരിടാൻ പൊതുവിതരണ വകുപ്പിലെ ജില്ലാ സപ്ലൈ ഓഫീസർ ഉൾപ്പെടെയുള്ള മുഴുവൻ ഉദ്യോഗസ്ഥരും രംഗത്തുണ്ടാകുമെന്ന് മന്ത്രി ജി ആർ അനിൽ പറഞ്ഞു.

കഴിഞ്ഞ ദിവസങ്ങളിൽ സംസ്ഥാനത്ത് റേഷൻ വിതരണം തടസപ്പെട്ട സാഹചര്യത്തിൽ ഏപ്രിൽ മാസത്തെ റേഷൻ വിതരണം മെയ് അഞ്ചാം തീയതിവരെ നീട്ടിയിട്ടുണ്ട്. മെയ് ആറ് മുതലാകും മെയ് മാസത്തെ റേഷൻ വിതരണം ആരംഭിക്കുകയെന്ന് ഭക്ഷ്യമന്ത്രി ജി ആർ അനിൽ വ്യക്തമാക്കി.

തൃശൂർ, പാലക്കാട്, കൊല്ലം, പത്തനംതിട്ട, വയനാട് ജില്ലകളിൽ ഇന്ന് രാവിലെ എട്ട് മണിമുതൽ ഒരു മണിവരെ റേഷൻ വിതരണം ചെയ്യും. ഉച്ചയ്ക്ക് രണ്ട് മണി മുതൽ ഏഴ് മണിവരെ എറണാകുളം, കോഴിക്കോട്, തിരുവനന്തപുരം, കണ്ണൂർ, കോട്ടയം, കാസർകോട്, ഇടുക്കി ജില്ലകളിൽ റേഷൻ വിതരണം ചെയ്യും. മെയ് രണ്ട് മൂന്ന് തീയതികളിലും സമാനമായ രീതിയിൽ റേഷൻ വിതരണം തുടരും. മെയ് നാലിനും അഞ്ചിനും റേഷൻ കടകൾ സാധാരണ പോലെ പ്രവർത്തിക്കും.