പെരിയാർ : പെരിയാർ വന്യജീവി സങ്കേതത്തിൽ എത്തിച്ച കാട്ടാന അരിക്കൊമ്പനെ പെരിയാർ റിസർവിലെ സീനിയറോട വനമേഖലയിൽ തുറന്നുവിട്ടു. കുമളി മംഗളാദേവി ഗേറ്റിലൂടെ വനത്തിലേക്ക് പ്രവേശിപ്പിച്ച കൊമ്പനെ പൂജ ചെയ്താണ് പ്രദേശത്തെ ആദിവാസി സമൂഹം വരവേറ്റത്. പുതിയതായി ഒരു അതിഥി വരുന്നതിന്റെ ഭാഗമായാണ് വനംവകുപ്പിന്റെ അനുമതിയോടെ പൂജ നടത്തിയതെന്ന് മന്നാന്‍ വിഭാഗത്തില്‍പ്പെട്ട അരുവി പറഞ്ഞു.
വനംവകുപ്പ് ചീഫ് വെറ്ററിനറി സർജൻ ഡോ. അരുൺ സഖറിയയുടെ നേതൃത്വത്തിലുള്ള സംഘം വെള്ളിയാഴ്ചയാണ് ‘മിഷന് അരിക്കൊമ്പന്’ ആരംഭിച്ചത്. ആദ്യ ദിവസം ആനയെ കണ്ടെത്താൻ കഴിഞ്ഞില്ല. അരിക്കൊമ്പനെയും മറ്റൊരു ആനയായ ചക്കക്കൊമ്പനെയും സൂര്യനെല്ലിക്കും സിങ്കുകണ്ടത്തിനും ഇടയിലുള്ള 92 കോളനിയിൽ നാട്ടുകാർ കണ്ടെത്തിയതിനു പിന്നാലെ ദൗത്യസംഘം പടക്കമെറിഞ്ഞു ചക്കക്കൊമ്പനെ ദൂരേക്കു മാറ്റി.
11.57ന് അരിക്കൊമ്പന് ആദ്യ മയക്കുവെടി നൽകി. തുടർന്നു കൃത്യമായി ഇടവേളകളിൽ 4 ബൂസ്റ്റർ ഡോസുകൾ കൂടി നൽകി. പിന്നീടു കുങ്കിയാനകളെയിറക്കി അരിക്കൊമ്പനു ചുറ്റും ദൗത്യസംഘം നിലയുറപ്പിച്ചു. ഏറക്കുറെ മയക്കത്തിലായ കൊമ്പന്റെ കാലുകളിൽ കുരുക്കിടാൻ സംഘം ശ്രമമാരംഭിച്ചു. കാലിൽ കുരുങ്ങിയ വടം കുടഞ്ഞെറിഞ്ഞ് അർധ ബോധാവസ്ഥയിലും ആന വനംവകുപ്പിന്റെ നീക്കങ്ങളെ പ്രതിരോധിച്ചു.
മൂന്ന് മണിയോടെ ആനയെ വടം കൊണ്ട് ബന്ധിച്ചു. മണ്ണുമാന്തി യന്ത്രം എത്തിച്ച് വഴിവെട്ടി വനംവകുപ്പിന്റെ എലിഫന്റ് ആംബുലന്‍സ് ആനയുടെ സമീപമെത്തിച്ചു. കുംകിയാനകള്‍ മൂന്ന് വശത്തുനിന്നും അരിക്കൊമ്പനെ ലോറിയിലേക്ക് തള്ളിക്കയറ്റാന്‍ നോക്കിയിട്ടും വിജയിച്ചില്ല. തുടര്‍ന്ന് വീണ്ടും ബൂസ്റ്റര്‍ ഡോസ് നല്കി. പിന്നാലെ എത്തിയ മഴയും കോടമഞ്ഞും ദൗത്യത്തിന് വെല്ലുവിളിയാകുമെന്ന് പ്രതീക്ഷിച്ചെങ്കിലും പാതിമയക്കത്തിെലത്തിയ കൊമ്പനെ കുംകിയാനകള്‍ ലോറിയിലേക്ക് കയറ്റി.
സംസ്ഥാന വനംവകുപ്പിന്റെ നേതൃത്വത്തില്‍ നടന്ന ചരിത്രത്തിലെ ഏറ്റവും ശ്രമകരമായ ദൗത്യമായിരുന്നു അരിക്കൊമ്പൻ.