തൃശൂർ : തേക്കിൻകാട് മൈതാനത്തിന് മുകളിലെ ആകാശം വർണ്ണ വിസ്മയങ്ങൾ കൊണ്ട് പ്രകാശപൂരിതമാക്കി തൃശൂർ പൂരം വെടിക്കെട്ട്. സ്വരാജ് റൗണ്ടിൽ തടിച്ചു കൂടിയ ജനാവലിക്ക് മുന്നിൽ ആകാശം വർണ്ണങ്ങളാൽ മുഖരിതമാകുകയായിരുന്നു.
തിരുവമ്പാടി വിഭാഗമാണ് ആദ്യം തിരികൊളുത്തിയത്. പിന്നാലെ പാറമേക്കാവും വെടിക്കെട്ടിന് തിരികൊളുത്തി. ശബ്ദത്തോടൊപ്പം നിറങ്ങൾക്കും പ്രാധാന്യം നൽകിയ വെടിക്കെട്ട് സ്വരാജ് റൗണ്ടിലും ഇടവഴികളിലുമായി തടിച്ചു കൂടിയ പതിനായിരക്കണക്കിന് കരിമരുന്നുപ്രേമികൾ ആർപ്പുവിളികളോടെ നെഞ്ചേറ്റി.
ഓലയിൽനിന്ന് തുടങ്ങി, പടർന്നു പന്തലിച്ച് ഗുണ്ട്, ഡൈന, കുഴിമിന്നൽ തുടങ്ങിയവയുടെ ശക്തിയിൽ ആകാശമൊരു അഗ്നിഗോളമായി മാറിയ കൂട്ടപ്പൊരിച്ചിൽ കാണികൾക്ക് ആവേശമായി. പുലർച്ചെ 4.31ന് തിരുവമ്പാടി വിഭാഗവും പിന്നാലെ 5.11ന് പാറമേക്കാവ് വിഭാഗവും വെടിക്കെട്ടിന് തിരികൊളുത്തി.
വൈകുന്നേരം നടന്ന കുടമാറ്റം അവസാനിച്ചതോടെ വെടിക്കെട്ടിനായുള്ള കാത്തിരിപ്പിലായിരുന്നു പൂരപ്രേമികൾ. മൂടിക്കെട്ടിയ അന്തരീക്ഷം നൽകിയ മഴയുടെ ആശങ്കയുണ്ടായിരുന്നെങ്കിലും മഴ മാറി നിന്നത് ദേവസ്വങ്ങൾക്കും വെടിക്കെട്ട് പ്രേമികൾക്കും ആശ്വാസമായി.