കേരളത്തെ ഇകഴ്ത്തുന്ന,മലയാളിയെ അപമാനിക്കുന്ന ഒന്നിനെയും അത് ഒരു സിനിമയിൽ കൂടിയാണെങ്കിലും ആരാണെങ്കിലും മതസൗഹാർദ്ദത്തിന്റേയും മതേതരത്വത്തിന്റെയും നാടായ മലയാളക്കര മാപ്പ് തരില്ല ,ഞങ്ങൾ ഒന്നിച്ചു പ്രതികരിക്കും. കേരള സ്റ്റോറി എന്ന സിനിമയെ കുറിച്ഛ് എ എം ആരിഫ് എം പി യുടെ ഫേസ് ബുക്ക് കുറിപ്പ് വൈറലാകുന്നു.
” സംഘപരിവാർ അജണ്ടകൾ..
തിരിച്ചറിയുക..തള്ളിക്കളയുക..
നമ്മുടെ രാജ്യത്തിന്റെ പരമോന്നത നിയമനിർമ്മാണ സഭയായ പാർലമെന്റിൽ, ബഹുമാന്യനായ പാർലമെന്റ് അംഗം ശ്രീ. ബെന്നി ബഹനാൻ ഉന്നയിച്ച ചോദ്യത്തിന് കേന്ദ്ര ആഭ്യന്തര വകുപ്പിൽ സ്റ്റേറ്റ് അഫയേഴ്സ് കൈകാര്യം ചെയ്യുന്ന മന്ത്രി ശ്രീ. ജി.കിഷൻ റെഡ്‌ഡി നൽകിയ മറുപടിയാണ് ഇവിടെ കൊടുത്തിട്ടുള്ളത്…
ചോദ്യം –
a)കേരളത്തിൽ എവിടെയെങ്കിലും ലവ് ജിഹാദ് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ടോ?
b)അങ്ങനെയെങ്കിൽ, അതിന്റെ വിശദ വിവരങ്ങൾ തരാമോ?
c)കഴിഞ്ഞ രണ്ട് വർഷത്തിനിടയിൽ, ഏതെങ്കിലും ഒരു കേന്ദ്ര ഏജൻസി, കേരളത്തിൽ ലവ് ജിഹാദ് ഉണ്ടെന്ന് റിപ്പോർട്ട് ചെയ്തിട്ടുണ്ടോ?
മൂന്ന് ചോദ്യങ്ങൾക്കും, ശ്രീ. കിഷൻ റെഡ്‌ഡി നൽകിയ ഉത്തരം, അങ്ങനെ ഒന്നും തന്നെ, നാളിതുവരെ, കേരളത്തിൽ റിപ്പോർട്ട് ചെയ്തിട്ടില്ല എന്നുള്ളതാണ്.
വസ്തുത ഇതായിരിക്കെ,ആർ. എസ്. എസിന്റെ ഒത്താശ്ശയോടുകൂടി, കേരളാ സ്റ്റോറി എന്ന ഒരു സിനിമ പടച്ചുണ്ടാക്കി, കേരളത്തെ മനപ്പൂർവ്വം അപകീർത്തിപ്പെടുത്താൻ ശ്രമിച്ചാൽ നമ്മൾ, കേരളത്തിലെ ജനാധിപത്യ മതേതര വിശ്വാസികൾ, മിണ്ടാതിരിക്കും എന്നാണോ സംഘപരിവാർ കരുതുന്നത്.!?
ആവിഷ്ക്കാര സ്വാതന്ത്ര്യമല്ലേ, മിണ്ടാതിരുന്നുകൂടെ, എന്ന് ചോദിക്കുന്ന സംഘികളോട്..
എന്തിനാണ് ബിബിസി യുടെ ഇന്ത്യയിലെ ഓഫീസ് റെയ്ഡ് ചെയ്തത്..?!
എന്തിനാണ് പത്താൻ എന്ന ഹിന്ദി സിനിമയുടെ പോസ്റ്റർ കത്തിച്ചത്..?!
എന്തിനാണ് സിനിമാ സെറ്റുകൾ അടിച്ചു തകർത്തത്..?!
ഫോർട്ട് കൊച്ചിയിൽ, നാനാജാതി മതസ്ഥർ ഒഴുകിയെത്തുന്ന,പുതുവത്സര ആഘോഷത്തിന്റെ ഭാഗമായി നിർമ്മിച്ച പപ്പാഞ്ഞിയ്ക്ക്, മോദിയുടെ ഛായ ഉണ്ടെന്ന് പറഞ്ഞ്, ആ കാർണിവൽ തന്നെ അലങ്കോലമാക്കാൻ ശ്രമിച്ചവർ ഇപ്പോൾ ആവിഷ്ക്കാര സ്വാതന്ത്ര്യത്തെക്കുറിച്ച് പറഞ്ഞാൽ, കേരള ജനത, അത് അംഗീകരിച്ചു തരുമോ..?
മതസൗഹാർദ്ദത്തിന്റേയും മതേതരത്വത്തിന്റെയും നാടായ, ഈ രാജ്യത്തിന് തന്നെ മാതൃകയും അഭിമാനവുമായ കേരളത്തെക്കുറിച്ച് തരിമ്പും അഭിമാനമില്ലാത്ത ആർ. എസ്. എസ്സുകാരനോട് സഹതാപം മാത്രമേയുള്ളു..
രാജ്യത്തിന്റെ നിയനിർമ്മാണ സഭയിൽ, ഇന്ത്യയുടെ ആഭ്യന്തരകാര്യ മന്ത്രി നൽകിയ മറുപടി നിങ്ങൾ,ആർ. എസ്. എസ്സുകാർ,അംഗീകരിക്കുന്നില്ല എന്നാണോ..?!!
ബഹുമാനപ്പെട്ട സുപ്രീം കോടതി പ്രഥമപരിഗണനയിൽ തന്നെ തള്ളിക്കളഞ്ഞ ലവ് ജിഹാദ് ആരോപണം, ആർ. എസ്. എസ് ഇനിയും അംഗീകരിക്കുന്നില്ലേ..?!
കേരളത്തെ നിരന്തരം അപമാനിക്കാനുള്ള സംഘപരിവാർ ശ്രമങ്ങൾ ഇനിയും തുടർന്നാൽ കേരളത്തിന്റെ മതനിരപേക്ഷ മനസ്സ്,കേരളത്തെ സ്നേഹിക്കുന്ന മുഴുവൻ ജനാധിപത്യ വിശ്വാസികളും ഒന്നിച്ച് അതിനെ ശക്തിയുക്തം എതിർത്തു തോല്പ്പിക്കുക തന്നെ ചെയ്യും…തീർച്ച.